അന്ന് കയ്യില്‍ പണമില്ലാതെ അച്ഛൻ കരയുന്ന കണ്ടത് വഴിത്തിരിവായി, മെല്‍ബണിലെ ഇന്ത്യയുടെ ഹീറോ വന്നവഴി
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റില്‍ നിതീഷ് കമാര്‍ റെഡ്ഡി സ്കോട് ബോളണ്ടിനെ ലോഫ്റ്റഡ് ഷോട്ടിലൂടെ സ്ട്രൈറ്റ് ബൗണ്ടറി കടത്തി സെഞ്ചുറി തികയ്ക്കുമ്പോള്‍ ഗ്യാലറിയില്‍ കാണികള്‍ക്കൊപ്പമിരുന്ന് കളികണ്ട പിതാവ് മുത്യാല റെഡ്ഡിക്ക് കണ്ണീരടക്കാനായില്ല. ഐപിഎല്ലിലും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും മാത്രം കളി മികവ് തെളിയിച്ച നിതീഷ് കുമാര്‍ റെഡ്ഡിയെന്ന 21കാരനെ ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലെടുത്തപ്പോള്‍ നെറ്റിചുളിച്ചവരുണ്ട്. എന്നാല്‍ അവരുടെ സംശയങ്ങളെയെല്ലാം ബൗണ്ടറി കടത്തി നിതീഷ് മെല്‍ബണിലെ 60000ത്തോളം വരുന്ന കാണികള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി നിന്ന് സെഞ്ചുറി ആഘോഷിക്കുമ്പോള്‍ അതിന്‍റെ ക്രെഡിറ്റ് പൂര്‍ണമായും മകന്‍റെ കരിയറിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മുത്യാല റെഡ്ഡിയെന്ന പിതാവിന് അവകാശപ്പെട്ടതാണ്.
സ്വന്തം സ്വപ്നങ്ങളും കരിയറുമെല്ലാം മകനുവേണ്ടി മാറ്റിവെച്ച പിതാവിന് ഇതിലും മികച്ച ബോക്സിംഗ് ഡേ സമ്മാനം നിതീഷിന് നല്‍കാനാവില്ല. ആദ്യ മൂന്ന് ടെസ്റ്റിലും എട്ടാമനായി ഇറങ്ങിയിട്ടും മൂന്ന് തവണയും ഇന്ത്യയുടെ ടോപ് സ്കോററായിരുന്ന നിതീഷ് പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പുറത്തെടുത്തിരുന്നു. മെല്‍ബണിലും എട്ടാമനായി തന്നെയാണ് നിതീഷ് ക്രീസിലെത്തിയത്. അപ്പോള്‍ 191-6 എന്ന സ്കോറില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയിലായിരുന്നു. എന്നാല്‍ മെല്‍ബൺ പിന്നീട് കണ്ടത് നിതീഷിലൂടെയും വാഷിംഗ്ടണ്‍ സുന്ദറിലൂടെയും ഇന്ത്യയുടെ ഉയിര്‍പ്പായിരുന്നു.