ആകാശ എയറിന് വീണ്ടും തിരിച്ചടി, രണ്ട് ഡയറക്ടർമാരെ സസ്‌പെൻഡ് ചെയ്ത് ഡിജിസിഎ
ദില്ലി: രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ എയർലൈൻ ആയ ആകാശ എയറിനെതിരെ ഡിജിസിഎ നടപടി. ആകാശ എയറിലെ ഓപ്പറേഷൻസ് ഡയറക്ടറെയും ട്രെയിനിങ് ഡയറക്ടറെയും ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ ഡിജിസിഎ ഉത്തരവിട്ടു. പൈലറ്റുമാരുടെ പരിശീലനത്തിൽ വീഴ്ച വരുത്തിയതിൻ്റെ പേരിൽ ആണ് നടപടി.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുംബൈയിലെ ആകാശ എയറിൽ നടത്തിയ റെഗുലേറ്ററി ഓഡിറ്റിലാണ് ഇക്കാര്യം കണ്ടെത്തിയത്. യോഗ്യത നേടിയിട്ടില്ലാത്ത സിമുലേറ്ററുകളിലാണ് ആകാശ എയർ പരിശീലനം നടത്തുന്നതായാണ് കണ്ടെത്തിയത്. ആകാശ എയറിലെ ഓപ്പറേഷൻസ് ഡയറക്ടറും പരിശീലന ഡയറക്ടറും “സിവിൽ ഏവിയേഷൻ നിർദേശങ്ങൾ (സിഎആർ) പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന കാരണം കാണിച്ചാണ് നടപടി.
ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസിന് ഒക്ടോബർ 15, 30 തീയതികളിൽ ആകാശ എയർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആകാശ എയർ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്, ട്രെയിനിങ് ഡയറക്ടർ എന്നിവരെ സസ്പെൻഡ് ചെയ്തത്. ഈ സ്ഥാനങ്ങളിലേക്ക് യോഗ്യരായ ഉദ്യോഗസ്ഥരെ നാമനിർദ്ദേശം ചെയ്യാൻ എയർലൈനിനോട് നിർദ്ദേശിച്ചിട്ടുമുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം ഏഴ് യാത്രക്കാരെ വിമാനത്തിൽ കയറ്റാതെ പോയ സംഭവത്തിൽ ആകാശ എയറിന് 10 ലക്ഷം രൂപ ഡിജിസിഎ പിഴ ചുമത്തിയിരുന്നു. സെപ്തംബർ 6 ന് ബെംഗളൂരു – പുനെ വിമാനത്തിലാണ് സംഭവം. രാത്രി 8.50 ന് പുറപ്പെടേണ്ടിയിരുന്നത് ആകാശയുടെ ക്യുപി 1437 വിമാനമാണ്. അറ്റകുറ്റപ്പണികൾ കാരണം മറ്റൊരു വിമാനം ഏർപ്പെടുത്തി. ഇതിൽ എല്ലാവർക്കും കയറാനുള്ള സൌകര്യമുണ്ടായിരുന്നില്ല. ചില സീറ്റുകൾ തകരാറിലായിരുന്നു. തുടർന്നാണ് ഏഴ് യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചത്.