നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും; ടിവി പ്രശാന്തൻ്റെ പരാതി വ്യാജം
തിരുവനന്തപുരം : എ ഡി എം നവീൻ ബാബുവിനെതിരെ അഴിമതി ആരോപിച്ച് ടിവി പ്രശാന്തൻ പരാതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ ടിവി പ്രശാന്തന്റെ പരാതി കിട്ടിയിട്ടില്ലെന്ന് ഓഫീസ് അറിയിച്ചു.
വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലൂടെയാണ് ഓഫീസിന്റെ വിശദീകരണം. ഇരിക്കൂർ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ നൽകിയ അപേക്ഷക്കാണ് മറുപടി നൽകിയിരിക്കുന്നത്. മുൻപ് നൽകിയ അപേക്ഷയിൽ കൃത്യമായ കാലയളവ് രേഖപ്പെടുത്തിയിട്ടില്ലാത്ത കാരണം പറഞ്ഞ് നിരസിച്ചിരുന്നു.
പ്രശാന്തൻ്റേത് വ്യാജ പരാതിയെന്ന് ആദ്യം പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. എഡിഎമ്മിനെതിരെ പ്രശാന്ത് നൽകിയതെന്ന പേരിൽ പ്രചരിച്ച പരാതി വ്യാജമെന്ന് തെളിയിക്കുന്ന സുപ്രധാന രേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ മന്ത്രി കെ.രാജൻ ഉൾപ്പെടെ പ്രതികരിച്ചിരുന്നു.
അതേ സമയം തെളിവുകൾ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ തീർപ്പുമായി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി. കുടുംബം ആവശ്യപ്പെട്ടതെല്ലാം പ്രോസിക്യൂഷൻ പരിഗണിക്കുന്നുണ്ട് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജി തീർപ്പാക്കിയത്.
കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പോലീസ് റിപ്പോർട്ട് നൽകിയെന്ന് കോടതി അറിയിച്ചു.