ഫ്ലവറല്ല, ഫയറാണ് നിതീഷ് കുമാർ റെഡ്ഡി, മെൽബണിൽ കന്നി ടെസ്റ്റ് സെഞ്ചുറി; റൺവേട്ടയിൽ മുന്നിൽ ട്രാവിസ് ഹെഡ് മാത്രം
മെല്‍ബണ്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെന്ന 21കാരനെ ഉള്‍പ്പെടുത്തിയപ്പോള്‍ നെറ്റിചുളിച്ചവരാണ് പലരും. ഐപിഎല്ലിലും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും മാത്രം മികവ് കാട്ടിയതിന്‍റെ പേരില്‍ ഓസ്ട്രേലിയക്കെതിരായ നിര്‍ണായക പരമ്പരയില്‍ നിതീഷിനെ ഉള്‍പ്പെടുത്തിയപ്പോൾ സംശയിച്ചവര്‍ക്കുള്ള മറുപടിയാണ് യുവതാരം കന്നി ടെസ്റ്റ് സെഞ്ചുറിയിലൂടെ ഇന്ന് മെല്‍ബണില്‍ നല്‍കിയത്. സെഞ്ചുറിക്ക് അരികെ അതുവരെ കൂട്ടുനിന്ന സുന്ദറും പിന്നാലെ ബുമ്രയും മടങ്ങിയപ്പോള്‍ നാട്ടുകാരനായ മുഹമ്മദ് സിറാജ് കമിന്‍സിന്‍റെ മൂന്ന് പന്തുകള്‍ പ്രതിരോധിച്ച് നിതീഷിന് സെഞ്ചുറിയിലേക്കുള്ള വഴിവെട്ടി. ഒടുവില്‍ സ്കോട് ബൗളണ്ടിനെ സ്ട്രൈറ്റ് ബൗണ്ടറി കടത്തി 170 പന്തില്‍ നിതീഷ് ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചു. 10 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് നിതീഷിന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 474 ന് മറുപടിയായി 221-7 എന്ന സ്കോറില്‍ ഫോളോ ഓണ്‍ ഭീഷണിയിലായ ഇന്ത്യയെ എട്ടാമനായി ക്രീസിലെത്തിയ നിതീഷ് കുമാറും ഒമ്പതാമനായി ക്രീസിലെത്തിയ വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കരകയറ്റിയെന്നത് മാത്രമല്ല, ഇന്ത്യയെ പരജായ മുനമ്പില്‍ നിന്നുകൂടി ഇന്ത്യയെ പിടിച്ചുമാറ്റി. 127 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ച് നഥാന്‍ ലിയോണ്‍ സുന്ദറിനെ(50) പുറത്താക്കുമ്പോള്‍ നിതീഷ് റെഡ്ഡി 97ല്‍ എത്തിയിരുന്നു. പിന്നീട് രണ്ട് റണ്‍സ് ഓടിയെടുത്ത നിതീഷ് 99ല്‍ നില്‍ക്കെയാണ് കമിന്‍സ് ബുമ്രയെ സ്ലിപ്പില്‍ ഖവാജയുടെ കൈകളിലെത്തിക്കുന്നത്. ഇതോടെ അര്‍ഹിച്ച സെഞ്ചുറി നിതീഷിന് നഷ്ടമാകുമോ എന്ന സസ്പെന്‍സിലായി ആരാധകര്‍. എന്നാല്‍ ബൗളിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും കമിന്‍സിന്‍റെ മൂന്ന് പന്തുകള്‍ അതിജീവിച്ച് സിറാജ് ബാറ്റിംഗില്‍ നിതീഷിന് സെഞ്ചുറിയിലേക്ക് വഴിയൊരുക്കി.