Uncategorized

പെരിയ ഇരട്ടക്കൊലക്കേസ് വിധി: ഉദുമ മുൻ എംഎൽഎ അടക്കം 14 പ്രതികൾ കുറ്റക്കാർ; 10 പേരെ വെറുതെവിട്ടു

കൊച്ചി: പേരിയ ഇരട്ടക്കൊലക്കേസിൽ ഒന്ന് മുതൽ എട്ട് വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിയിൽ വ്യക്തമാക്കി.

എറണാകുളം സിബിഐ കോടതി ജഡ്‌ജ് എൻ. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഉത്തരവ്. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഒന്ന് മുതൽ 24 വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയത്. 2019 ഫെബ്രുവരി 17നാണ് കൃപേഷിനേയും ശരത് ലാലിനേയും എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തും സഹായിയുമായ സി ജെ സജിയെയും അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കേസ് ക്രൈം ബ്രാഞ്ചിന് വിട്ട് സർക്കാർ ഉത്തരവിറക്കി. എന്നാൽ പൊലീസ് അന്വേഷണത്തിൽ അസംതൃപ്തരായിരുന്ന കൃപേഷിന്‍റെയും ശരത് ലാലിന്‍റേയും മാതാപിതാക്കൾ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസ് അന്വേഷണവുമായി മുന്നോട്ട് പോയ ക്രൈം ബ്രാഞ്ച് 2019 മെയ് 14ന് സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തു. മെയ് 20ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചപ്പോൾ ആകെ 14 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്.

2019 സെപ്റ്റംബർ 30 ന് കേസന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടതോടെ സംസ്ഥാന സർക്കാ‍ർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സർക്കാരിൻ്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. പക്ഷെ അവിടെയും അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനം ശരിവെച്ചതോടെ സിബിഐ അന്വേഷണം ഏറ്റെടുത്തു.

രണ്ട് വർഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിൽ 2021 ഡിസംബർ 3 ന് സിബിഐ അന്വേഷണ സംഘം കൊച്ചിയിലെ സിബിഐ കോടതിയിൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമനടക്കം 24 പ്രതികളാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. 2023 ഫെബ്രുവരി 2 നാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. 2024 ഡിസംബർ 23 ന് കേസ് പരിഗണിച്ച സിബിഐ കോടതി ഇന്ന് വിധി പ്രസ്താവിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button