കുട്ടിപ്പൊലീസിന്‍റെ അന്നം മുട്ടിച്ച് സർക്കാർ; രാജ്യത്ത് മാതൃകയായ എസ്‍പിസി പദ്ധതിക്ക് നയാപൈസ നൽകാതെ ധനവകുപ്പ്
തിരുവനന്തപുരം: അഭിമാനമായി ഉയർത്തിക്കാട്ടുന്ന സ്റ്റുഡന്റസ് പോലീസ് പദ്ധതിയോട് മുഖം തിരിച്ച് സർക്കാർ. കുട്ടികള്‍ക്ക് യൂണിഫോമിനോ ഭക്ഷണത്തിനോ ഈ സാമ്പത്തിക വർഷം ധനവകുപ്പ് പണം നൽകിയില്ല. സ്കൂളിൽ ചുമതലയുള്ള അധ്യാപകരും പിടിഎയും ചേർന്ന് പണം പിരിച്ചാണ് കുട്ടിപ്പൊലീസുകാരെ മുന്നോട്ട് കൊണ്ടുപോകുന്നത്. ക്രിസ്മസ് അവധിക്കാല ക്യാമ്പിൽ കുട്ടികള്‍ പിരിവെടുത്താണ് ഭക്ഷണം എത്തിച്ചത്. പണമില്ലാത്തതിനെ തുടര്‍ന്ന് ക്യാമ്പുകള്‍ തടസപ്പെടുന്ന സ്ഥിതിയും ഉണ്ടായി. രണ്ടു ദിവസമായി മാത്രം വെട്ടിചുരുക്കിയാണ് ക്യാമ്പുകള്‍ നടന്നത്. അധ്യാപകരും പിടിഎയും പണം പിരിച്ചാണ് ക്യാമ്പുകള്‍ നടത്തിയത്.
രാജ്യത്തിന് മാതൃകയായി കേരളം മുന്നോട്ടു വെച്ച് പദ്ധതിയോടാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുഖം തിരിച്ചിരിക്കുന്നത്. പല സംസ്ഥാനങ്ങളും ഇവിടെയെത്തി പഠിച്ച ശേഷം അവിടെ നടപ്പാക്കിയ പദ്ധതിയാണ് എസ്‍പിസി. എന്നാലിപ്പോൾ നമ്മുടെ കുട്ടി പൊലീസുകാർക്ക് ആഹാരത്തിന് പോലും സംസ്ഥാന സര്‍ക്കാര്‍ പണം നൽകുന്നില്ല. 989 സ്കൂളുകളിലായി 88,000 കുട്ടികളാണ് സ്റ്റുഡൻറ് പൊലീസിലുള്ളത്. പ്രതിവർഷം യൂണിഫോമിന് ഓരോ കുട്ടിക്കും 2000 രൂപ നൽകണം. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയുമാണ് പരേഡുള്ളത്. പരേഡ് ഉള്ള ദിവസങ്ങളിൽ ഒരു കുട്ടിക്ക് ലഘുഭക്ഷണത്തിനായി കഴിഞ്ഞ ബജറ്റിൽ 8 രൂപ.50 പൈസയാണ് അനുവദിച്ചത്. ഇതുതന്നെ മതിയാവില്ല. ഒരു വർഷം എസ്പിസി നടത്തികൊണ്ടുപോകാൻ 24 കോടിയുടെ ചെലവുണ്ടെന്ന് സ്റ്റുഡ് പൊലീസ് ഡയറക്ടറേറ്റ് ബജറ്റ് ചർച്ച സമയത്ത് സർക്കാരിനെ അറിയിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സർക്കാർ അത് വെട്ടികുറച്ച് 10 കോടിയാക്കി. പക്ഷെ ഈ സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി മൂന്നു മാസമാണ് ബാക്കി നിൽക്കെ 10 കോടിയിൽ പത്തു പൈസ ഇതുവരെ നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം പറയുന്നത്. ലഘു ഭക്ഷണം വാങ്ങാനാള്ള പണം പോലുമെത്തിയില്ല. അധ്യാപകരും പിടിഎയും കൈയിലിരുന്ന പണം നൽകിയാണ് ഇപ്പോള്‍ ആഴ്ചകളിൽ നടത്തേണ്ട പരേഡ് നടത്തുന്നത്. യൂണിഫോം കടം പറഞ്ഞാണ് വാങ്ങുന്നത്. വർഷത്തിൽ മൂന്ന് ക്യാമ്പുകള്‍ സംഘടിപ്പിക്കണം. ഓണകാലത്തും ക്രിസ്മസ് അവധിക്കും സ്കൂളുകളിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ക്യാമ്പ് നടത്തണം.
ഓണത്തിന് ക്യാമ്പ് നടത്താൻ പണം നൽകിയില്ല. ക്രിസ്മസ് കാലത്തെങ്കിലും പണമെത്തുമെന്ന് കരുതി, അതും വന്നില്ല. സ്വന്തം നിലയിൽ ക്യാമ്പ് നടത്താനായിരുന്നു നിർദ്ദേശം. പണം ഇല്ലാത്ത് കാരണം ക്യാമ്പ് രണ്ടു ദിവസമാക്കി ചുരുക്കി. കുട്ടികള്‍ പിരിവെടുത്താണ് ഈ ക്രിസ്മസ് കാലത്ത് ക്യാമ്പിൽ ഭക്ഷണം വിളമ്പിയത്.യുണിസെഫ് പോലും പഠനം നടത്തി മാതൃകയാക്കണമെന്ന് പറഞ്ഞ ഒരു പദ്ധതിയെയാണ് ഇങ്ങനെ കൊല്ലുന്നത്. 10 കോടി സർക്കാരിന് വലിയ കടമ്പയല്ല. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ നിര്‍ണായക പങ്കാണ് എസ് പിസിക്കുള്ളത്. ലഹരി വിരുദ്ധ ക്യാമ്പയിന് ഗതാഗതനിയന്ത്രണത്തിന് മേളകൾക്ക് അങ്ങിനെ കഴിഞ്ഞ 14 വർഷ കുട്ടിപ്പൊലീസുകാർ ചെയ്യാത്ത സേവനങ്ങളില്ല. കുട്ടികൾക്ക് തന്നെ ആവേശമായിരുന്ന പദ്ധതിയോടാണ് സർക്കാർ ഇങ്ങനെ മുഖം തിരിഞ്ഞു നിൽക്കുന്നത്.