കാരവാനിൽ കാര്‍ബണ്‍ മോണോക്സൈഡ് എങ്ങനെ എത്തി? യുവാക്കള്‍ മരിച്ച സംഭവത്തിൽ എന്‍ഐടി സംഘം വിശദ പരിശോധന നടത്തും
കോഴിക്കോട്: കോഴിക്കോട് വടകരയിൽ കാരവാനിൽ യുവാക്കള്‍ മരിച്ച സംഭവത്തിൽ അന്വേഷണം. കോഴിക്കോട് എന്‍ഐടി സംഘം കാരവൻ ഉള്‍പ്പെടെ വിശദമായ പരിശോധന നടത്തും. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കള്‍ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.
കാരവാന്‍റെ ഉള്ളിൽ കാര്‍ബണ്‍ മോണോക്സൈഡ് എങ്ങനെ എത്തിയെന്ന് കണ്ടെത്താനാണ് വിശദമായ പരിശോധന നടത്തുന്നത്. ജനറേറ്ററിൽ നിന്നാണ് വിഷ പുക വന്നതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജനറേറ്ററിൽ നിന്നുള്ള വിഷ പുക എങ്ങനെ കാരവാനിന്‍റെ ഉള്ളിലേക്ക് കയറിയെന്നതടക്കം കർണ്ടെത്താനാണ് വിശദമായ പരിശോധന. പരിശോധനയ്ക്കുശേഷം വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കം എന്‍ഐടി സംഘം അധികൃതര്‍ക്ക് കൈമാറും.
മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് കാരവാനിൽ നിന്നും വിഷപുക ശ്വസിച്ച് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇരുവരും വിവാഹ സംഘവുമായി കണ്ണൂർ എത്തുന്നത്. രാത്രിയോടെ മടങ്ങിയെത്തി. 12 മണിയോടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തി. എസിയിട്ട് വാഹനത്തനുള്ളില്‍ വിശ്രമിച്ചു. അടുത്ത ദിവസമായിട്ടും തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകൾ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.