Uncategorized

നിക്ഷേപകർ അറിഞ്ഞില്ല, നോട്ടീസ് വന്നപ്പോൾ ഞെട്ടി;കണ്ണൂരിൽ സിപിഎം ഭരണത്തിലുള്ള സഹകരണ സംഘത്തിൽ വായ്പാ തട്ടിപ്പ്

കണ്ണൂര്‍: എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ നിക്ഷേപകരുടെ പേരിൽ വായ്പ തട്ടിപ്പെന്ന് പരാതി. ഇടപാടുകാരായ അംഗങ്ങളുടെ പേരിൽ അവരറിയാതെ ലക്ഷങ്ങളുടെ വായ്പ എടുത്തതായാണ് കണ്ടെത്തൽ. സഹകരണവകുപ്പിന്‍റെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തുവന്നത്. എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ ഓഡിറ്റ് വിഭാഗത്തിൽ നിന്ന് നോട്ടീസ് വന്നതോടെയാണ് ഇക്കാര്യം ഇടപാടുകാര്‍ അറിയുന്നത്. എടുത്ത വായ്പകൾ ഗഡുക്കളായി അടക്കണമെന്നാണ് നിർദേശം. നോട്ടീസ് കൈയിൽ കിട്ടിയവരൊക്കെ അമ്പരന്നു.

എടുക്കാത്ത വായ്പയെങ്ങനെ തിരിച്ചടയ്കുമെന്നും തങ്ങളുടെ പേരിൽ മറ്റാരെങ്കിലും വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതായിരിക്കുമെന്നും നോട്ടീസ് ലഭിച്ചതോടെ ആകെ അമ്പരന്നുവെന്നും പരാതിക്കാരനായ ടികെ ആസാദ് പറഞ്ഞു. ഉറങ്ങികിടക്കുന്നവരുടെ പേരിൽ വരെ അവര്‍ അറിയാത്ത വായ്പ അടക്കാനുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ട്. മാസം 20000 രൂപ വെച്ച് അടയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. 1987 ലാണ് എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘം തുടങ്ങുന്നത്. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങുന്നതിനായും മറ്റുമാണ് ഇവിടെ നിന്ന് വായ്പ നൽകുക.

ഫിഷറീസും മത്സ്യഫെഡുമായി സഹകരിച്ചാണ് സ്ഥാപനത്തിന്‍റെ പ്രവർത്തനം. വർഷങ്ങളായി സിപിഎമ്മിന്‍റെ നിയന്ത്രണത്തിലാണ് സംഘം.കഴിഞ്ഞ ദിവസങ്ങളിലായി സഹകരണവകുപ്പിന്‍റെ ഓഡിറ്റ് നടന്നതോടെയാണ് വായ്പ തട്ടിപ്പ് പുറത്തായത്. വായ്പയെടുത്തുവെന്ന് രേഖപ്പെടുത്തിയവരുടെ പേരിൽ നോട്ടീസയച്ചതോടെ ഇടപാടുകർ‍ പരാതിയുമായി രംഗത്തെത്തി.തിരിമറി നടന്നതിൽ സഹകരണ സംഘം സെക്രട്ടറിയ്ക്ക് പങ്കുണ്ടെന്നാണ് ഭരണസമിതിയുടെ വിശദീകരണം. സെക്രട്ടറിയ്ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം.അതേസമയം, സംഘത്തിൽ സഹകരണ വകുപ്പിന്‍റെ ഓഡിറ്റിംങ് തുടരുകയാണ്. റിപ്പോർട്ട് പുറത്തു വരുന്നതോടെ തട്ടിപ്പിൽ കൂടുതൽ വ്യക്തതയുണ്ടാവുമെന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button