Uncategorized

ബോച്ചെ 1000 ഏക്കര്‍’ ന്യൂ ഇയര്‍ സണ്‍ബേണ്‍ പാർട്ടി തൃശൂരില്‍

തൃശൂര്‍: വയനാട്ടിലെ ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് നടത്താനിരുന്ന ന്യൂ ഇയര്‍ സണ്‍ബേണ്‍ പാര്‍ട്ടി തൃശൂരിലേക്ക് മാറ്റി. തൃശൂര്‍ കോര്‍പറേഷന്റെ പിന്തുണയോടെ പുതുവര്‍ഷ പരിപാടി നടത്തും. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് സമീപമാണ് വേദി. വയനാട്ടില്‍ ബോബി ചെമ്മണ്ണൂരിന്റെ പരിപാടിയ്ക്ക് കോടതി അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തൃശൂരിലേക്ക് മാറ്റിയത്. വ്യാപാരി സംഘടനകളും കോര്‍പറേഷനും ബോബി ചെമ്മണ്ണൂരുമായി സഹകരിക്കും. ജനുവരി 31 ന് വെെകിട്ട് ആറു മണിയ്ക്ക് പരിപാടി ആരംഭിക്കും.

വയനാട്ടില്‍ പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ പരിസരവാസികള്‍ രംഗത്തെത്തിയിരുന്നു. പരാതിയും നല്‍കി. തുടര്‍ന്ന് കോടതി പരിപാടി നടത്തുന്നത് വിലക്കുകയായിരുന്നു. മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പ്രദേശത്തിന്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മ്മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്തിടത്താണ് പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ന്യൂയര്‍ പാര്‍ട്ടി നടത്തുന്നത്. ഇത് അപകടകരവും ക്രമസമാധാനത്തെ ബാധിക്കുന്നതെന്നും ചൂണ്ടി കാട്ടി പരിപാടി നിര്‍ത്തിവെയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇക്കാര്യം സ്പെഷ്യല്‍ ഗവ പ്ലീഡര്‍ കോടതിയെ അറിയിക്കുകയായിരുന്നു. പരിപാടിക്ക് യാതൊരു അനുമതിയും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്തും കോടതിയെ അറിയിച്ചു.

ദുരന്തസാധ്യത കണക്കിലെടുത്ത് നിരോധന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍, പൊലീസ്, പഞ്ചായത്ത് എന്നിവര്‍ക്ക് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഇടക്കാല ഉത്തരവ് നല്‍കി. നിയമപ്രകാരമുള്ള അനുമതികള്‍ നേടാതെ പരിപാടി നടത്താനാകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ പറഞ്ഞു. പരിപാടി നടത്താന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അനുവദിച്ചിട്ടുണ്ട് എന്ന വാദം കോടതി അംഗീകരിച്ചില്ല. അത് ഇത്തരമൊരു വന്‍ പരിപാടി നടത്താനുള്ള അനുമതി അല്ലെന്നും നിയമാനുസൃത അനുമതികള്‍ ആവശ്യമാണെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button