വയോധികയുടെ കണ്ണില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 27 കോണ്ടാക്റ്റ് ലെന്‍സുകള്‍
കണ്ണടയ്ക്ക് പകരം കോണ്ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്ന കാലമാണിത്. എന്നാല്‍ സ്ഥിരമായി കോണ്ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്നവര്‍ വളരെയേറെ ശ്രദ്ധിക്കണം എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്ന ഒരു സംഭവമാണ് യുകെയില്‍ നടന്നത്. തിമിര ശസ്ത്രക്രിയക്ക് എത്തിയ 67-കാരിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്തത് 27 കോണ്ടാക്റ്റ് ലെന്‍സുകളാണ്.
തിമിര ശസ്ത്രക്രിയ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് യുകെ സ്വദേശിയായ വയോധികയുടെ കണ്‍പോളയ്ക്കുതാഴെ നീലനിറത്തില്‍ എന്തോ കണ്ടത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശദമായ പരിശോധന നടത്തി. കണ്ണിലെ സ്രവംകൊണ്ട് ഒട്ടിപ്പിടിച്ച നിലയില്‍ 17 ലെന്‍സുകളാണ് കണ്‍പോളയ്ക്കടിയില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കണ്ണ് വിശദമായി മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് അതേ കണ്ണില്‍ നിന്ന് 10 കോണ്ടാക്റ്റ് ലെന്‍സുകള്‍ കൂടി കിട്ടിയത്. തുടര്‍ന്ന് വയോധികയ്ക്ക് അനസ്‌തേഷ്യ നല്‍കിയശേഷം ഡോക്ടര്‍മാര്‍ ലെന്‍സുകള്‍ കണ്ണില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. അണുബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ തിമിര ശസ്ത്രക്രിയ രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ മാസവും മാറ്റുന്ന തരത്തിലുള്ള കോണ്ടാക്റ്റ് ലെന്‍സാണ് വയോധിക 35 വര്‍ഷമായി ഉപയോഗിക്കുന്നത്. കോണ്ടാക്റ്റ് ലെന്‍സുകള്‍ എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് കണ്ണില്‍ നിന്ന് നീക്കം ചെയ്യണം. കൂടാതെ 30 ദിവസത്തെ ഇടവേളയില്‍ ലെന്‍സ് മാറ്റി പുതിയ ലെന്‍സ് ഉപയോഗിക്കണം. ചില സമയങ്ങളില്‍ ലെന്‍സ് നീക്കം ചെയ്യാനായി നോക്കുമ്പോള്‍ അത് കണ്ണില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും നിലത്തുവീണതാണെന്ന് കരുതിയെന്നും വയോധിക ഡോക്ടര്‍മാരോട് പറഞ്ഞു. ലെന്‍സുകള്‍ കണ്ണില്‍ ഇരുന്നിട്ടും ഏതെങ്കിലും തരത്തിലുള്ള വേദനയോ അണുബാധയോ പോലുള്ള ഒരു ലക്ഷണങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നുമില്ല.
കോണ്ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നാണ് സംഭവത്തില്‍ ഡോക്ടര്‍മാര്‍ പറയുന്നത്. അശ്രദ്ധമായി ലെന്‍സുകള്‍ ഉപയോഗിക്കുന്നതും കണ്ണുകള്‍ കൃത്യമായ ഇടവേളകളില്‍ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയമാക്കാത്തതും ഇത്തരത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.