‘വിമാനം വെടിവെച്ചിട്ടത് ഞങ്ങളല്ല, അന്വേഷണം അവസാനിക്കും മുമ്പേ ഇങ്ങനെ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി റഷ്യ
അസ്താന: അസർബൈജാൻ യാത്രാ വിമാനം റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്നതാണെന്ന ആരോപണങ്ങൾ തള്ളി റഷ്യ രംഗത്ത്. 38 പേർ കൊല്ലപ്പെട്ട അപകടത്തിന് പിന്നിൽ റഷ്യയാണെന്ന വാർത്തകൾ തള്ളിയാണ് അധികൃതർ രംഗത്തെത്തിയത്. ഇത്തരം ആരോപണങ്ങൾക്കും അനുമാനങ്ങൾക്കുമെതിരെ റഷ്യ മുന്നറിയിപ്പ് നൽകി. അതേസമയം, റഷ്യൻ മിസൈലാണ് അപകടത്തിന് കാരണമെന്ന് അസർബൈജാൻ, യുഎസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. അസർബൈജാൻ എയർലൈൻസിൻ്റെ ജെറ്റ്, എണ്ണ-വാതക കേന്ദ്രമായ കസാഖ് നഗരമായ അക്‌തൗവിന് സമീപം ബുധനാഴ്ചയാണ് വിമാനം തകർന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന 67 പേരിൽ 38 പേരും മരിച്ചു. പാൻ്റ്സിർ-എസ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്ന് തൊടുത്ത റഷ്യൻ മിസൈലാണ് വിമാനം തകർത്തതെന്ന് കരുതുന്നതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സർക്കാർ അനുകൂല അസർബൈജാനി വെബ്‌സൈറ്റ് കാലിബർ പറഞ്ഞു. ന്യൂയോർക്ക് ടൈംസ്, ബ്രോഡ്കാസ്റ്റർ യൂറോ ന്യൂസ്, തുർക്കി വാർത്താ ഏജൻസിയായ അനഡോലു തുടങ്ങിയവയും വിമാന ദുരന്തത്തിൽ റഷ്യക്കെതിരെ രംഗത്തെത്തി. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങളാൽ അബദ്ധത്തിൽ വെടിയേറ്റതാകാമെന്ന് ചില വ്യോമയാന, സൈനിക വിദഗ്ധർ പറഞ്ഞു. വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ വെടിയേറ്റ അടയാളങ്ങളുണ്ടെന്നും പറയപ്പെടുന്നു. തുടർന്നാണ് റഷ്യ രംഗത്തെത്തിയത്. അന്വേഷണ റിപ്പോർട്ട് വരുന്നതിന് മുമ്പ് എന്തെങ്കിലും അനുമാനങ്ങൾ ഉണ്ടാക്കുന്നത് ശരിയല്ലെന്ന് റഷ്യ വ്യക്തമാക്കി.
അസർബൈജാനി പ്രസിഡൻ്റ് ഇൽഹാം അലിയേവ് വ്യാഴാഴ്ച ദുഃഖാചരണമായി പ്രഖ്യാപിക്കുകയും മുൻ സോവിയറ്റ് രാജ്യങ്ങളുടെ കൂട്ടായ്മയായ കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡൻ്റ് സ്‌റ്റേറ്റ്‌സിൻ്റെ (സിഐഎസ്) അനൗപചാരിക ഉച്ചകോടിക്കായി റഷ്യയിലേക്കുള്ള സന്ദർശനം റദ്ദാക്കുകയും ചെയ്തു.റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ അലിയേവുമായി ഫോൺ സംഭാഷണം നടത്തുകയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.