വിഭാഗീയതയിൽ പൊറുതിമുട്ടിയ പത്തനംതിട്ടയിൽ സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിയേറ്റം
പത്തനംതിട്ട: വിഭാഗീയത രൂക്ഷമായ പത്തനംതിട്ടയിൽ സിപിഎം ജില്ലാ സമ്മേളനത്തിന് കൊടി ഉയരുകയാണ്. ജില്ലാ സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ട് മുതിർന്ന നേതാക്കൾ ഉൾപ്പെടെ നീക്കം ശക്തമാക്കുമ്പോൾ മത്സരം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ ജില്ലാ കമ്മിറ്റിയുടെ രൂപീകരണ ചർച്ചയിലും ഉൾപ്പടെ നേരിട്ട് പങ്കെടുക്കുമെന്നാണ് വിവരം.
ജില്ലാ സെക്രട്ടറി സ്ഥാനം ആഗ്രഹിക്കുന്ന ഒരു കൂട്ടം നേതാക്കൾ പത്തനംതിട്ടിയിലുണ്ട്. ഇവരിൽ നിന്ന് ഒരാളെ മത്സരം ഒഴിവാക്കി ജില്ലാ സമ്മേളനത്തിലൂടെ തെരഞ്ഞെടുക്കുകയാണ് സംസ്ഥാന നേതൃത്തിന് മുന്നിലെ വെല്ലുവിളി. സ്ഥാനം ഒഴിയുന്ന ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന് പ്രിയം അടൂരിൽ നിന്നൊരു നേതാവിനെയാണ്. പി.ബി. ഹർഷകുമാറും ടിഡി. ബൈജുവും പരിഗണിനയിലുണ്ട്. തിരുവല്ലയിൽ നിന്നുള്ള മുതിർന്ന ആർ. സനൽകുമാറാണ് മറ്റൊരു പേര്. എന്നാൽ അടൂർ, തിരുവല്ല ഏരിയ നേതൃത്വങ്ങൾ തമ്മിൽ തർക്കമുണ്ടായാൽ മുൻ എംഎൽഎ രാജു എബ്രഹാമിനെ സെക്രട്ടറിയാക്കാമെന്നാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്.
ശനിയാഴ്ച പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 30 ആം തീയതി പൊതുസമ്മേളനം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. വൈകീട്ടാണ് പൊതുസമ്മേളനമെങ്കിലും പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള ആലോചനായോഗത്തിലടക്കം പിണറായി പങ്കെടുക്കാനാണ് സാധ്യത. ജില്ല.യിലെ വിഭാഗീയത ഒഴിവാക്കാനുള്ള വെട്ടിനിരത്തൽ തീരുമാനത്തിനും സാധ്യതയുണ്ട്. അങ്ങനെയെങ്കിലും യുവജനമുഖങ്ങളിൽ ആരെങ്കിലും സെക്രട്ടറിയാകാൻ വരെ സാധ്യതയുണ്ട്.