Uncategorized

‘വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതൽ’; പരാതികളില്ലാത്ത മണ്ഡല കാലമെന്ന് വി എൻ വാസവൻ

കോട്ടയം: കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡലതീർഥാടനകാലമെന്നു ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ ശബരിമല സന്നിധാനത്തു സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി. ഒരുലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ല.

41 ദിവസം പൂർത്തിയാകുമ്പോൾ വന്ന എല്ലാ അയ്യപ്പഭക്തന്മാർക്കും ദർശനം ഉറപ്പാക്കി. അവർ സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ചയാണു കണ്ടത്. അത്തരത്തിലായിരുന്നു ആസൂത്രണത്തിലെ മികവ്. പതിനെട്ടാം പടിയിൽ ഒരുമിനിട്ടിൽ 85-90 പേർ കയറുന്ന സാഹചര്യം സൃഷ്ടിക്കാനായത് ദർശനം സുഗമാക്കാൻ തുണച്ചു. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സന്നദ്ധസംഘടകളെക്കൂടി ഉൾപ്പെടുത്തി കാലേകൂട്ടി ചർച്ചകൾ നടത്തിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുൻവർഷത്തെ അപേക്ഷിച്ച് അഞ്ചുലക്ഷത്തോളം ഭക്തരാണ് ഈ 41 ദിവസത്തെ കാലയളവിൽ കൂടുതലായി എത്തിയത്. വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്ന് താൽക്കാലികമായി ലഭ്യമായ കണക്ക്. ദർശനം കിട്ടാതെ വന്നതായി ആരും പരാതിപ്പെട്ടിട്ടില്ല. സുഗമമായ ദർശനം ഉറപ്പാക്കാനായി എന്നു വന്നവർ തന്നെ പറയുന്നു. മലകയറിവന്ന എല്ലാവർക്കും സൗജന്യഭക്ഷണം ഉറപ്പാക്കാനായി.

അപ്പവും അരവണയും എല്ലാവർക്കും ലഭിക്കുമെന്ന് ഉറപ്പാക്കി. കാലേകൂട്ടി നടത്തിയ തയാറെടുപ്പുകൾ എല്ലാ അർഥത്തിലും ഫലം കണ്ടു. മകരവിളക്ക് ഒരുക്കങ്ങൾ സംബന്ധിച്ചു ഡിസംബർ 28ന് നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന്(ഡിസംബർ 26) നടക്കേണ്ട യോഗം എംടിയുടെ വിയോഗത്തെത്തുടർന്നാണ് മാറ്റിവച്ചത്. ഇരുപത്തിയെട്ടിന്റെ യോഗത്തിൽ മകരവിളക്കുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നു മന്ത്രി വി എൻ വാസവൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button