Uncategorized

വയനാട് പുനരധിവാസം; സ്പെഷ്യൽ ഓഫീസറെ നിയമിച്ച് സർക്കാർ, കളക്ടറേറ്റിലേക്ക് പ്രതിഷേധ പ്രകടനവുമായി ദുരന്തബാധിതർ

കല്‍പ്പറ്റ: പുനരധിവാസം വൈകുന്നതിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരന്തബാധിതർ.വയനാട് കളക്ടറേറ്റിലേക്ക് ദുരന്തബാധിതർ പ്രതിഷേധ പ്രകടനം നടത്തി. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. ടൗൺഷിപ്പ് ഗുണഭോക്താക്കളുടെ പട്ടികയിൽ വ്യാപക പിഴവുകൾ വിവാദമായിരിക്കെ ആണ് ദുരന്തബാധിതർ പരസ്യ പ്രതിഷേധവും നടത്തിയത്.

ഇതിനിടെ, വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ കാലതാമസം കൂടാതെ നിര്‍വഹിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറായി (വയനാട് ടൗണ്‍ഷിപ്പ് – പ്രിലിമിനറി വര്‍ക്ക്‌സ്) ഡോ. ജെ.ഒ അരുണിന് അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ മലപ്പുറം എന്‍.എച്ച് 966 (ഗ്രീന്‍ഫീല്‍ഡ്) എല്‍.എ. ഡെപ്യൂട്ടി കളക്ടറാണ് ഡോ.ജെ ഒ അരുണ്‍.

ജില്ലയിലെ വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ ഉരുള്‍പ്പൊട്ടലില്‍ ദുരന്ത ബാധിതരായവരുടെ പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുള്ള വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 28, സര്‍വെ നമ്പര്‍ 366 ല്‍ പ്പെട്ട നെടുമ്പാല എസ്റ്റേറ്റിലെ സ്ഥലവും കല്‍പ്പറ്റ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 19ലെ സര്‍വെ നമ്പര്‍ 88/1ല്‍പെട്ട എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ സ്ഥലവും പൊസഷന്‍ ഏറ്റെടുക്കുന്നതിനും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുവാനും 2024 ഒക്ടോബര്‍ 10 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

എന്നാൽ, പുനരധിവാസം വൈകുന്നുവെന്നും എത്രയും വേഗം നടപടികള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ദുരന്തബാധിതര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പു നൽകിയതായി പ്രതിഷേധക്കാര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button