ക്രിസ്തുമസ് രാത്രിയില്‍ ആനയുടേയും കാട്ടുപോത്തിന്റേയും ഇടയില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവനും കാത്ത് 2 മണിക്കൂര്‍; മാതൃകയായി ആരോഗ്യ പ്രവര്‍ത്തകര്‍
ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി പാലക്കാട് കൈകാട്ടി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ പ്രസവിച്ച പാലക്കാട് സീതാര്‍കുണ്ട് താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സര്‍ദാറിന്റെ ഭാര്യ സാമ്പയേയും (20) നവജാതശിശുവിനേയും ദുര്‍ഘടമായ വനപാതയില്‍ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് രക്ഷപ്പെടുത്തി.പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മാതൃകാപരമായ പ്രവര്‍ത്തനം നടത്തി അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
കഴിഞ്ഞ ദിവസം സാമ്പയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സായ സുദിനയെ വിവരം അറിയിച്ചു. നെല്ലിയാമ്പതി ആരോഗ്യ കേന്ദ്രത്തില്‍ ഉടന്‍ എത്തിച്ചേരാന്‍ അവരോട് നിര്‍ദേശിക്കുകയും മെഡിക്കല്‍ ഓഫീസറും ഗൈനക്കോളജിസ്റ്റുമായ ഡോ. ലക്ഷ്മിയുടെ നിര്‍ദേശ പ്രകാരം സുദിനയും നഴ്‌സിംഗ് അസിസ്റ്റന്റ് ജാനകിയും ആശുപത്രിയില്‍ പ്രസവം എടുക്കാന്‍ വേണ്ടസംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. അതിനിടെ സാമ്പയും സര്‍ദാറും ജീപ്പില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. അവരോടൊപ്പം ഫാര്‍മസിസ്റ്റ് മിദിലാജും അനുഗമിച്ചു. എന്നാല്‍ ദുര്‍ഘടം പിടിച്ച യാത്രയില്‍ ആശുപത്രിയില്‍ എത്തും മുന്നേ യുവതി കുഞ്ഞിന് ജന്മം നല്‍കി.