ബീഹാറില്‍ പുരുഷ അധ്യാപകന് എട്ട് ദിവസത്തെ ‘പ്രസവാവധി’; വിവാദം
ബീഹാറില്‍ നിന്നും അവിശ്വസനീയമായ ഒരു വാർത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ബീഹാറിലെ വൈശാലി ജില്ലയിലെ ഹസന്‍പൂരിലെ യുസിസിഎച്ച് മധ്യമിക് സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ ഒരു പുരുഷ അധ്യാപകന് എട്ട് ദിവസത്തെ പ്രസവാവധി നല്‍കി എന്നതാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചത്. സർക്കാർ അധ്യാപകരുടെ അവധി അപേക്ഷകൾക്കായുള്ള ഓൺലൈൻ പോർട്ടലിന്‍റെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ഇത് വൈറലായത്. പിന്നാലെ നിരവധി പേര്‍ അധ്യാപകന്‍റെയും അവധിയുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
ബീഹാര്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ പോര്‍ട്ടലിലെ സ്ക്രീന്‍ ഷോട്ടില്‍ ഡിസംബര്‍ ഒന്ന് മുതല്‍ 12 വരെയുള്ള അവധിയാണ് ജിതേന്ദ്ര കുമാര്‍ സിംഗ് എന്ന അധ്യാപകന് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെയും എട്ടാം ദിവസത്തെയും അവധികള്‍ വീക്കിലി ഓഫുകളാണ്. 11 ഉം 12 ദിവസത്തെ അവധികള്‍ കാഷ്വൽ ലീവുകളാണെന്നും അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഇടയിലുള്ള എട്ട് ദിവസത്തെ അവധികളാണ് പ്രസവാവധിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പുരുഷ അധ്യാപകന് അവധി നല്‍കിയത് വെറും സാങ്കേതിക പിശക് മാത്രമാണെന്നും പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നുമാണ് അധികൃതര്‍ അറിയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.