Uncategorized

19 കാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി, 4 വയസുകാരനു ദാരുണാന്ത്യം

മുംബൈ: കൗമാരക്കാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ 4 വയസുകാരൻ കൊല്ലപ്പെട്ടു. മുംബൈയിൽ ഡാല മേഖലയിലെ അംബേദ്കർ കോളേജിന് സമീപത്താണ് ദാരുണമായ അപകടം സംഭവിച്ചത്. ആയുഷ് ലക്ഷ്മൺ കിൻവാഡെ എന്ന നാല് വയസുകാരനാണ് മരിച്ചത്. 19കാരൻ ഓടിച്ച ബ്ലാക്ക് നിറത്തിലുള്ള ഹ്യുണ്ടായ് ക്രെറ്റ കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിൽ ഇരിക്കുകയായിരുന്ന കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ ഓടിച്ച പാർലെ സ്വദേശിയായ 19 കാരൻ സന്ദീപ് ഗോലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ആയുഷും കുടുംബവും ഫുട്പാത്തിനോട് ചേർന്നാണ് താമസിച്ചിരുന്നത്. കുട്ടിയുടെ പിതാവ് കൂലിവേല ചെയ്യുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

അടുത്തിടെ മുംബൈയിൽ ഇലക്ട്രിബസ് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരിലേക്കും വാഹനങ്ങളിലേക്കും ഇടിച്ച് കയറിഏഴ് പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഡിസംബർ 9 ന് കുർളയിൽ നടന്ന അപകടത്തിൽ ഇരുപതിലധികം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഈ സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് നാല് വയസുകാരന്‍റെ ജീവനെടുത്ത അപകടം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ റോഡപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്രയെന്നാണ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button