Uncategorized

സ്‌കൂൾ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ; ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: പാലക്കാട്, തത്തമംഗലം ചെന്താമര നഗർ ജി.ബി യു പി സ്‌കൂളിൽ വിദ്യാർഥികൾ ഒരുക്കിയ പുൽക്കൂട് നശിപ്പിക്കപ്പെട്ട സംഭവത്തിലും, നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ നടന്ന അക്രമ സംഭവങ്ങളിലും സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിക്ക് നോട്ടീസയച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ. എ. റഷീദ് ആവശ്യപ്പെട്ടു

തത്തമംഗലം ചെന്താമര നഗർ ജി.ബി യു.പി സ്‌കൂളിലെ ഓഫീസ് മുറിയോട് ചേർന്നുള്ള സ്റ്റേജിൽ സ്ഥാപിച്ച പുൽക്കൂടാണ് തകർത്തിരിക്കുന്നത്. വെള്ളിയാഴ്ചയാണ് വിദ്യാർഥികൾ പുൽക്കൂട് ഒരുക്കിയത്. ശനിയാഴ്ച അധ്യാപകർ എത്തിയപ്പോഴും യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് ഇരുമ്പ് ഗ്രില്ലിനകത്ത് സ്ഥാപിച്ച പുൽക്കൂട് തകർത്ത നിലയിൽ കണ്ടത്.

നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളിൽ ശനിയാഴ്ച നടന്ന ക്രിസ്തുമസ് ആഘോഷത്തിനിടയിലും ഒരു സംഘം അതിക്രമിച്ചു കയറി പ്രധാനാധ്യാപിക ഉൾപ്പെടെയുള്ള അധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും അക്രമം നടത്തുകയുമുണ്ടായി.

ഇത്തരം സംഭവങ്ങൾ ന്യൂനപക്ഷങ്ങ ജനവിഭാഗങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നതാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണെന്നും കമ്മീഷൻ ചെയർമാൻ അഡ്വ എ. എ. റഷീദ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button