എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രിയുടെ നിർദേശം
കൊച്ചി: എൻസിസി സംസ്ഥാന ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി അറിയിച്ചു.
തൃക്കാക്കര കെ എം എം കോളേജിൽ നടന്ന എൻസിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. എൻസിസി ഡയറക്ടറേറ്റിന്റെ കീഴിലുളള 21 കേരള ബറ്റാലിയൻ എൻസിസി എറണാകുളത്തിലെ സ്കൂൾ/കോളേജ് കേഡറ്റുകൾ പങ്കെടുക്കുന്ന പത്ത് ദിവസത്തെ സംയുക്ത വാർഷികപരിശീലന ക്യാമ്പാണ് നടക്കുന്നത്.
അതേസമയം, ഭക്ഷ്യവിഷബാധയെ തുടർന്ന് കൊച്ചി കാക്കനാട് എൻസിസി ക്യാംപ് പിരിച്ച് വിട്ടതിന് പിന്നാലെ അന്വേഷണത്തിന് ബ്രിഗേഡിയർ റാങ്കിലുളള ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ കേഡറ്റുകൾക്കുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് എൻസിസി ഗ്രൂപ്പ് കമാൻഡർ കൊല്ലം ബ്രിഗേഡിയർ സുരേഷ് ജിയുടെ നേതൃത്ത്വത്തിലുളള ഒരു അന്വേഷണ കമ്മറ്റിയെ നിയോഗിച്ചുകൊണ്ട് ഒഫീഷ്യാറ്റിംങ് അഡീഷണൽ ഡയറക്ടർ ജനറൽ എൻസിസി ഉത്തരവിറക്കി. ക്യാമ്പിന് രണ്ട് ദിവസത്തെ അവധി നൽകിയതിനുശേഷം 26 ഡിസംബർ 2024 ന് പുനരാരംഭിക്കുമെന്ന് ഒഫീഷ്യാറ്റിംങ് അഡീഷണൽ ഡയറക്ടർ ജനറൽ എൻ സി സി. അറിയിച്ചു.
അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 ഓളം വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്.
തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതൽ പേർക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ കളമശ്ശേരി മെഡിക്കൽ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെ ഒട്ടേറെ പേർ ക്ഷീണിതരായി തളർന്നുവീണു. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.