കൊച്ചിയിൽ ക്രിസ്മസ്-പുതുവത്സര തിരക്കിനിടയിൽ ബുദ്ധിമുട്ടേണ്ട; കൂടുതൽ സർവീസുകളുമായി കൊച്ചി മെട്രോ
കൊച്ചി: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ കൂടുതൽ സർവീസ് നടത്തും. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് ജനുവരി 4 വരെ 10 സർവീസുകൾ കൂടുതലായി ഉണ്ടാകും. പുതുവത്സരദിനത്തിൽ പുലർച്ചെ വരെ സർവീസ് നടത്തും. അവസാന സർവീസ് തൃപ്പൂണിത്തുറയിൽ നിന്നും പുലർച്ചെ 1.30 നും ആലുവയിൽ നിന്നും 1.45 നും ആയിരിക്കും.
ഉത്സവ സീസണിനോടനുബന്ധിച്ചുള്ള യാത്രാദുരിതത്തിന് ആശ്വാസമായി കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കെഎസ്ആർ ടിസി അധികമായി 38 അന്തർ സംസ്ഥാന സർവീസ് നടത്തും. ബെംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കാണ് അധിക സർവീസുകൾ നടത്തുന്നത്. 34 ബസ് ബംഗളൂരുവിലേക്കും നാല് ബസ് ചെന്നൈയിലേക്കും സർവീസ് നടത്തും. കെഎസ്ആർടിസി വെബ് സൈറ്റ് വഴിയും ആപ്പ് മുഖേനയും ടിക്കറ്റുകൾ റിസർവ് ചെയ്യാം.
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർറൂട്ടിലും അധിക സർവീസുകൾ സജ്ജമാക്കും. ഇതിനായി 24 ബസുകള്‍ കൂടി ക്രമീകരിച്ചിട്ടുണ്ട്. കൊട്ടാരക്കര- കോഴിക്കോട്, അടൂർ-കോഴിക്കോട്, കുമളി- കോഴിക്കോട്, എറണാകുളം- കണ്ണൂർ. എറണാകുളം – കോഴിക്കോട് റൂട്ടിലും കൊല്ലം, കൊട്ടാരക്കര, കോട്ടയം, തൃശൂർ, കോഴിക്കോട് തുടങ്ങിയ ഡിപ്പോകളിൽ നിന്നും തിരക്ക് അനുസരിച്ച് ഫാസ്‌റ്റ് പാസഞ്ചർ സർവീസുകളും ക്രമീകരിക്കും.