ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണം; ദേവസ്വം ബോർഡ് സൈബർ പൊലീസിന് പരാതി നൽകി
പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണം സൈബർ പോലീസിന് ദേവസ്വം ബോർഡ് പരാതി നൽകി. സൂര്യഗ്രഹണം ആയതുകൊണ്ട് നട അടച്ചിടും എന്നായിരുന്നു പ്രചാരണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് രണ്ട് വർഷം മുമ്പുള്ള വാർത്തയാണ്. പ്രചരിപ്പിക്കുന്നവർക്ക് സ്ഥാപിത താല്പര്യമുണ്ടെന്ന് ദേവസ്വം ബോർഡ് ആരോപിച്ചു. മണ്ഡല പൂജ ദിവസം എത്തുന്ന ഭക്തരെ ആരേയും തിരിച്ചു വിടില്ല. സ്പോട്ട് ബുക്കിങ് നിയന്ത്രണം ഉണ്ടെങ്കിലും പരമാവധി ഭക്തരുടെ ദർശനമാണ് കോടതിയും ആഗ്രഹിക്കുന്നത്. ഇത് വരെ ആരെയും തിരിച്ചു വിട്ടിട്ടില്ല.
അതേസമയം, ശബരിമലയിൽ ഈ വർഷം ഭക്തരുടെ എണ്ണത്തിൽ വർധനയുണ്ടായെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഭക്തരുടെ എണ്ണം തിങ്കളാഴ്ച മാത്രം ഒരുലക്ഷം കവിഞ്ഞിരുന്നു. 1,06,621 ഭക്തരാണ് തിങ്കളാഴ്ച ദർശനം നടത്തിയത്. സീസണിലെ റെക്കോഡ് തിരക്കാണിത്. സ്‌പോട്ട് ബുക്കിങ് വഴി 22,769 പേരും പുൽമേട് വഴി 5175 പേരുമാണ് എത്തിയത്.
തിങ്കളാഴ്ച വരെ 30,78,049 ഭക്തരാണ് എത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 4,45,908 പേർ കൂടുതൽ. കഴിഞ്ഞവർഷം ഈ കാലയളവു വരെ 26,41,141 പേരാണ് എത്തിയത്. ഇത്തവണ സ്‌പോട്ട് ബുക്കിങ് വഴി 5,33,929 പേരും പുല്ലുമേട് വഴി 69504 പേരും എത്തി. പുല്ലുമേടുവഴി എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ട്. കഴിഞ്ഞവർഷം ഈ സമയം വരെ പുല്ലുമേട് വഴി എത്തിയത് 57,854 പേരാണ്.