Uncategorized

തത്തമം​ഗലം സ്കൂളിലെ പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തകർത്ത സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട്: പാലക്കാട് തത്തമംഗലത്ത് ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ ഒരുക്കിയിരുന്ന പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തകർത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലിസ്. ചിറ്റൂർ ഡിവൈഎസ്പി വി.എ കൃഷ്ണദാസിൻ്റെ മേൽനോട്ടത്തിൽ ചിറ്റൂർ സി ഐ എംജെ മാത്യുവിനാണ് അന്വേഷണച്ചുമതല. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസികിൻ്റെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധനയും നടത്തിയിരുന്നു.

സ്കൂളിലെ പ്രധാനാധ്യാപകരോടും പി ടി എ ഭാരവാഹികളോടും പൊലീസ് ഇന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയും. നല്ലേപ്പിള്ളി സ്കൂളിലെ സംഭവത്തിൽ മണിക്കൂറുകൾക്കകം പൊലീസ് വി എച്ച്പി പ്രവർത്തകരായ പ്രതികളെ പിടികൂടിയിരുന്നു. അധ്യാപകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് വിശ്വഹിന്ദു പരിഷത് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

14 ദിവസത്തെ റിമാൻഡിൽ ചിറ്റൂർ ജയിലിൽ കഴിയുകയാണ് ഇവർ. നല്ലേപിള്ളിയിൽ നിന്നും എട്ട് കിലോമീറ്റർ അകലെയുള്ള തത്തമംഗലത്ത് നടന്നതും സമാന സ്വഭാവമുള്ള സംഭവമാണെന്നാണ് പൊലിസിൻ്റെ പ്രാഥമിക വിലയിരുത്തൽ. ഇത് കണക്കിലെടുത്ത് റിമാൻഡിലുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.

വിശ്വഹിന്ദുപരിഷതിൻ്റെ നേതൃത്വത്തിൽ ക്രിസ്മസ് നടത്തിയ സ്കൂളുകളിൽ ആസൂത്രിതമായി അക്രമം നടത്താൻ പദ്ധതിയുണ്ടായിരുന്നോ, ഇതിന് പിന്നിൽ മറ്റ് ഇടപെടലുകളുണ്ടോയെന്നും അറിയാനായിരിക്കും പ്രതികളെ ചോദ്യം ചെയ്യുന്നത്. ശാസ്ത്രീയ പരിശോധനഫലം, സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്. ഇതിനിടയിലാണ് വി എച്ച് പി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താനും തീരുമാനിച്ചത്. നല്ലേപ്പിള്ളിയിൽ വിഎച്ച് പിയുമായും സംഘ്പരിവാർ സംഘടനകളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ പശ്ചാത്തലമുള്ളവരെയും നിരീക്ഷിക്കുകയാണെന്നും അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button