വിനോദ് കാംബ്ലിയുടെ ആദ്യ പ്രതികരണം പുറത്ത്; ഡോക്റ്റര്‍മാര്‍ക്ക് നന്ദി പറഞ്ഞു, ആരോഗ്യനിലയില്‍ പുരോഗതി
മുംബൈ: ആരോഗ്യനില മേശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലി ആരോഗ്യനിലയില്‍ പുരോഗതി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്റ്റര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കാംബ്ലിക്ക് ഒരു മാസത്തിലേറെ ആശുപത്രിയില്‍ കഴിയേണ്ടിവരും. ആശുപത്രിയിലുള്ള വിനോദ് കാംബ്ലിയുടെ ആദ്യ പ്രതികരണവും അതിനിടെ പുറത്തുവന്നു.
ഡോക്ടര്‍മാര്‍ കാരണമാണു ഞാനിപ്പോള്‍ ജീവനോടെ ഉള്ളതെന്ന് കാംബ്ലി പറയുന്നത് വീഡിയോയില്‍ കാണാം. അവര്‍ പറയുന്ന കാര്യങ്ങളൊക്കെ ഇപ്പോള്‍ ചെയ്യുന്നുണ്ടെന്നും വേദനയൊന്നും ഇല്ലെന്നും കാംബ്ലി വ്യക്തമാക്കി. കാംബ്ലിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അദ്ദേഹത്തിന് ഇരിക്കാനോ, നടക്കാനോ സാധിച്ചിരുന്നില്ലെന്നു ഡോക്ടര്‍മാര്‍ പ്രതികരിച്ചു.
കഴിഞ്ഞമാസവും കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാംബ്ലി 2013ല്‍ രണ്ടു തവണ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അടുത്തിടെ ബാല്യകാല കോച്ച് രമാകന്ത് അച്ചരേക്കറുടെ അനുസ്മരണ ചടങ്ങില്‍ കാംബ്ലിയുടെ രൂപവും സംസാരവും കണ്ട് എല്ലാവരും അമ്പരന്നിരുന്നു. ലഹരിക്ക് കാംബ്ലിയെ സഹായിക്കാന്‍ തയ്യാറാണെന്ന് കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള പഴയകാല താരങ്ങള്‍ അറിയിച്ചിരുന്നു.
മദ്യപാനവും പുകവലിയുമെല്ലാം പൂര്‍ണമായും നിര്‍ത്തിയെന്നും താന്‍ വീണ്ടും ആരോഗ്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണെന്നും കാംബ്ലി ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. കുടുംബം കൂടെയുള്ളിടത്തോളം കാലം ജീവിതത്തില്‍ തനിക്കൊന്നും പേടിക്കാനില്ലെന്നും ലഹരിവിമുക്ത ചികിത്സക്ക് വീണ്ടും തയാറാണെന്നും വിക്കി ലവ്ലാനിയുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാംബ്ലി പറഞ്ഞു.