പാപ്പാഞ്ഞിയെ മാറ്റില്ല, ഉദ്ഘാടനം ഇന്ന് വൈകിട്ട് നടത്തും; വെല്ലുവിളിച്ച് ഗാല ഡി ഫോർട്ട് കൊച്ചി
കൊച്ചി: ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വെല്ലുവിളിയുമായി ഗാല ഡി ഫോർട്ട് കൊച്ചി. പുതുവത്സരത്തോട് അനുബന്ധിച്ച് വെളി ഗ്രൗണ്ടിൽ നിർമ്മിച്ച പാപ്പാഞ്ഞിയെ മാറ്റില്ലെന്നും പൊലീസ് നിർദേശം അംഗീകരിക്കില്ലെന്നും സംഘാടകർ അറിയിച്ചു. പൊലീസ് നടപടി ഏകപക്ഷീയമാണെന്നും സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി ആരോപിച്ചു. വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നടത്തും. ഫോർട്ട് കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞികൾ അനുവദിക്കില്ലെന്നായിരുന്നു പൊലീസിൻ്റെ നിലപാട്. പരേഡ് ഗ്രൗണ്ടിൽ ഒരുക്കുന്ന പാപ്പാഞ്ഞി മാത്രം മതിയെന്നും വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ പൊളിച്ചു കളയണമെന്നുമായിരുന്നു പൊലീസിൻ്റെ നിർദേശം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസ് സംഘാടകർക്ക് നോട്ടീസ് അയച്ചിരുന്നു.
50 അടി ഉയരത്തിലാണ് വെളി ഗ്രാമത്തിൽ ഗാലാ ഡി കൊച്ചി പാപ്പാഞ്ഞിയെ നിർമ്മിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സമീപത്ത് ഫോർട്ട് കൊച്ചി കടപ്പുറത്തും പുതുവർഷ ആഘോഷവും പപ്പാഞ്ഞിയെ കത്തിക്കലും നടക്കുന്നുണ്ട്. കൂടുതൽ പാപ്പാഞ്ഞികളെ കത്തിക്കുന്നത് സുരക്ഷ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ പൊളിച്ചു മാറ്റാൻ പൊലീസ് നിർദേശിച്ചത്.