Uncategorized

താലിമാലയും 2 ലക്ഷം രൂപയും വാഗ്ദാനം, സമൂഹ വിവാഹത്തിന് സമ്മതിച്ചു, കാശില്ലെന്ന് അറിഞ്ഞതോടെ പിന്മാറിയത് 27 പേർ

ചേർത്തല: സംഘാടകർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന പരാത ഉയര്‍ത്തി സമൂഹ വിവാഹത്തിൽ നിന്ന് പിന്മാറി 27 പേര്‍. 35 പേരുടെ വിവാഹത്തില്‍ നിന്നാണ് വധൂവരൻമ്മാരടക്കം 27 പേര്‍ പിൻവലിഞ്ഞത്. തർക്കങ്ങളും ബഹളത്തെയും തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ എട്ട് ദമ്പതികളുടെ വിവാഹം നടത്തി സംഘാടകർ തടിയൂരി. ചേർത്തല വാരനാട് അഖിലാജ്ഞലി ഓഡിറ്റോറിയത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സൽസ്നേഹഭവൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സമൂഹ വിവാഹം നടത്താൻ തീരുമാനിച്ചത്.

സംഘാടനയുടെ രക്ഷാധികാരി ഡോ ബിജു കൈപ്പാറേഡൻ, പ്രസിഡന്‍റ് എ ആർ ബാബു, മറ്റ് ഭാരവാഹികളായ കെ അനിരുദ്ധൻ, സനിതസജി, അപർണ്ണ ഷൈൻകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമൂഹ വിവാഹത്തിനായി പ്രവർത്തനം നടത്തിയത്. ഇതര ജില്ലയിൽ നിന്നുമാണ് സംഘാടകർ ദമ്പതികളെ തിരഞ്ഞെടുത്തത്. എന്നാൽ, ഇടുക്കി മുതുകാൻ മന്നൻ സമുദായത്തിൽ നിന്ന് മാത്രം 22 ദമ്പതികൾ ഉണ്ടായിരുന്നു.

താലിമാലയും രണ്ടു ലക്ഷം രൂപയും നൽകാമെന്ന് പറഞ്ഞായിരുന്നു സംഘാടകർ വിവാഹ വാഗ്ദാനം ചെയ്തതെന്ന് സമുദായ നേതാവ് തങ്കൻ പറഞ്ഞു. എന്നാൽ വിവാഹ കൗൺസിലിങ്ങിൽ പോലും പറയാതെ വിവാഹത്തിനെത്തിയപ്പോഴാണ് താലിയും, വധൂവരന്മാർക്കുള്ള വസ്ത്രങ്ങളും മാത്രമാണെന്നറിയുന്നത്. ഇതേ തുടർന്ന് പ്രശ്നം രൂക്ഷമായതോടെ ചേർത്തല പൊലീസിൽ 22 വധുവരന്മാർ സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ അഖിലാഞ്ജലി ഓഡിറ്റോറിയത്തിൽ ചേർത്തല എസ് ഐ യുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഒത്തു തീർപ്പായില്ല. ഇതേ തുടർന്ന് വിവാഹത്തിന് മുമ്പ് വേദിയിൽ ആദിവാസി നേതാക്കളും പ്രവർത്തകരും വേദിയിൽ കയറി മുദ്രാവാക്യം വിളിച്ചു. ചേർത്തല എ എസ് പി യുടെ അഭാവത്തിൽ ആലപ്പുഴ ഡിവൈ എസ് പി മധു ബാബുന്റെ നേതൃത്വത്തിൽകൂടുതൽ പൊലീസെത്തി വേദിയിൽ കയറിയവരെ താഴെയിറക്കി.

സ്ഥിതി ശാന്തമാക്കി മറ്റുള്ള എട്ട് ദമ്പതിമാരുടെ വിവാഹം നടത്തുകയായിരുന്നു. ആദിവാസി വധൂവരൻമാരെ പ്രതിനിധികരിച്ച് 65 ഓളം പേർ ഇടുക്കിയിൽ നിന്ന് രണ്ട് വാഹനങ്ങളിൽ വന്നിരുന്നു. ഇവർ വന്ന വാഹനങ്ങളുടെ തുക പോലും സംഘാടകർ നൽകിയില്ലെന്ന് ആരോപിച്ച് ഓഡിറ്റോറിയം പരിസരത്തും, തുടർന്ന് ചേർത്തല പൊലീസ് സ്റ്റേഷനിലും പ്രതിഷേധം നടത്തിയ ശേഷമാണ് ആദിവാസികൾ മടങ്ങിയത്. സംഘാടകർക്കെതിരെ മാന-ധന നഷ്ടത്തിന് കേസ് കൊടുക്കുമെന്ന് സമുദായ നേതാക്കൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button