‘അന്ന് ടൗണ്‍ഷിപ്പൊക്കെ വാഗ്ദാനം ചെയ്തു, പക്ഷേ ഇന്ന് വീടുകൾ ചോർന്നൊലിക്കുന്ന സ്ഥിതിയാണ്’: പുത്തുമല ദുരന്തബാധിതർ
വയനാട്: പുത്തുമലയില്‍ സര്‍ക്കാര്‍ നിര്‍മിച്ചു കൊടുത്ത വീടുകള്‍ ചോര്‍ന്നൊലിക്കുന്നുവെന്ന് പരാതി. 2018-2019 ല്‍ ഉരുള്‍ പൊട്ടല്‍ നടക്കുമ്പോള്‍ എല്‍ഡിഎഫ് ആയിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. എംഎല്‍എയും, ഗവണ്‍മെന്റും എല്‍ഡിഎഫിന്റെ തന്നെ ആയിരുന്നു. എന്നാലിന്ന് പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫും, സര്‍ക്കാര്‍ എല്‍ഡിഎഫും ആണ്. ആ സാങ്കേതിക തടസം വളരെ ബുദ്ധിമുട്ടാകുന്നുണ്ടെന്നും നാട്ടുകാരിലൊരാള്‍ പറഞ്ഞു.
ചൂരല്‍ മലയിലെ ഉരുള്‍ പൊട്ടലുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ പുത്തുമലയിലെ 2019 ല്‍ ഉരുള്‍ പൊട്ടലുണ്ടായ സമയത്ത് സര്‍ക്കാര്‍ ഇതിലും വലിയ വാഗ്ദാനങ്ങളാണ് തന്നിരുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ടൗണ്‍ഷിപ്പ് ഉള്‍പ്പെടെ തരുമെന്നും പെരുവഴിയിലാക്കില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇന്നും ആളുകള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. പുനരിവാസം പൂര്‍ത്തിയായി എന്ന് പറയുന്നുണ്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല. അതേ സമയം സര്‍ക്കാര്‍ പുത്തുമലയില്‍ നിര്‍മിച്ച് നല്‍കിയ 53 വീടുകളില്‍ പല വീടുകളും ഇപ്പോള്‍ ചോര്‍ന്നൊലിക്കുകയാണ്. വീട് നിര്‍മിച്ച് അടുത്ത വര്‍ഷം തന്നെ ചോര്‍ന്നൊലിച്ചു തുടങ്ങി. സ്ഥലമെടുത്ത ആളുകള്‍ക്ക് ഒരു തരത്തിലുമുള്ള നഷ്ടപരിഹാരവും കിട്ടിയിട്ടില്ലെന്നും നാട്ടുകാര്‍.
അതേ സമയം കൃത്യമായ പാക്കേജുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും വീടിന്റെ പട്ടികയിൽ പോലും വ്യക്തതയില്ലെന്നും ദുരന്തബാധിതർ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നതെന്നും ആരാണ് ഇതിന് തടസം നില്‍ക്കുന്നതെന്ന് അറിയില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. സര്‍ക്കാരോ കലക്ട്റേറ്റോ കൃത്യമായി വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഒരു അടി പോലും മുന്നോട്ട് പോയിട്ടില്ലെന്നും, വീടിന്റെ പട്ടികയിൽ പോലും അപാകതകളുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് സ്ഥലത്തെ സുരക്ഷിതമായതും, അല്ലാത്തതുമായ സ്ഥലങ്ങള്‍ കണ്ടെത്തലാണ്. നിലവില്‍ പുത്തുമലയില്‍ സര്‍ക്കാര്‍ വച്ച് നല്‍കിയ വീടുകളില്‍ താമസിക്കുന്നവരെ മഴക്കാലത്ത് മാറ്റിത്താമസിക്കേണ്ട സ്ഥിതിയാണ് ഉളളതെന്നും പുത്തുമലയിലെ മുന്‍ വാര്‍ഡ് മെമ്പര്‍ പറഞ്ഞു.