‘വീട് താമസയോഗ്യമല്ല, വാടകക്കാണ് താമസം, ദുരന്തത്തിൽപെട്ട ഭാര്യയെ ഇതുവരെ കിട്ടിയില്ല’; ജീവിതം പറഞ്ഞ് അബൂബക്കര്‍
കൽപറ്റ: കടമുറികളുടെ വാടക കൊണ്ടാണ് ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നതെന്നും ഇപ്പോൾ വരുമാനമില്ലെന്നും ചൂരൽമലയിലെ ദുരന്തബാധിതരിലൊരാളായ അബൂബക്കർ. ദുരന്തത്തിൽ തകർന്ന വീടിന് മുന്നിൽ നിന്നുകൊണ്ടാണ് അബൂബക്കർ സംസാരിച്ചു തുടങ്ങിയത്.
ഈകാണുന്നതാണ് എന്റെ വീട്. അന്ന് സംഭവം നടക്കുന്ന സമയത്ത് ഈ വീട്ടിൽ 12 ആളുകളുണ്ടായിരുന്നു. ഭാര്യയെ ഇതുവരെ കിട്ടിയിട്ടില്ല. ഡിഎൻഎ ടെസ്റ്റിലും ബോഡി കിട്ടിയിട്ടില്ല. ഞങ്ങളിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ആറ് വയസുള്ള കുട്ടി ഒലിച്ചുപോയി. 2 പേർ ഇപ്പോഴും പരിക്കേറ്റ് ചികിത്സയിലാണ്. എനിക്കിവിടെ 11 കടമുറികളാണ് ഉണ്ടായിരുന്നത്. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഞങ്ങൾ 12 അംഗ കുടുംബം കഴിഞ്ഞിരുന്നത്. ഇപ്പോ വരുമാനം നിന്നു. ഞാനൊരു കിഡ്നി രോഗിയാണ്. വീട് താമസയോഗ്യമല്ല. പതിനായിരം രൂപ വാടകക്കാണ് താമസിക്കുന്നത്. നാലായിരം രൂപ കൂടി കയ്യിൽ നിന്ന് ഇട്ടാലേ വാടക കൊടുക്കാൻ പറ്റൂ. കെട്ടിടത്തിന്റെ കാര്യത്തിൽ സഹായമൊന്നും ലഭിച്ചില്ല. മൂത്തമകൻ ഡ്രൈവറാണ്. അവന് പരിക്കേറ്റ് ചികിത്സയിലാണ്. ‘വയനാട് ഉരുൾപൊട്ടൽ ദുരന്തം ജീവിതത്തെ മാറ്റിമറിച്ചെന്ന് പറയുകയാണ് അബൂബക്കർ.
വയനാട് ദുരന്തത്തിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് തുടക്കത്തിലുണ്ടായിരുന്ന ഊർജസ്വലത ഇപ്പോഴില്ലെന്ന് മേപ്പാടി പഞ്ചായത്തംഗങ്ങളും ചൂണ്ടിക്കാട്ടുന്നു. വളരെ മന്ദഗതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ആരാണ് ഇതിന് തടസം നിൽക്കുന്നതെന്ന് ആർക്കും മനസിലാകുന്നില്ല. പഞ്ചായത്തിനെ കൃത്യമായി ഒരു വിഷയത്തിലും സർക്കാർ ഇടപെടുത്തുന്നില്ലെന്നും മേപ്പാടി പഞ്ചായത്ത് വാർഡ് മെമ്പർ സുകുമാരൻ വ്യക്തമാക്കി.
2019 ൽ പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ സമയത്ത് സർക്കാർ ഇതിലും വലിയ വാഗ്ദാനങ്ങൾ നൽകിയിരുന്നു. ടൗൺഷിപ്പ് ചെയ്തു തരും. നമ്മളെ പെരുവഴിയിലാക്കില്ല എന്ന് എന്നാൽ ഇന്നും ആളുകൾ വാടക വീട്ടിലാണ് താമസിക്കുന്നത്. അതുപോലെ തന്നെ പുനരധിവാസം ഇതുവരെ പൂർത്തിയായിട്ടില്ല. പുത്തുകൊല്ലിയിൽ 53 വീടുകൾ ചെയ്തുകൊടുത്തിട്ടുണ്ട്. അത് ഇപ്പോൾ ചോർന്നൊലിക്കുകയാണ്. സ്ഥലമെടുത്ത ആളുകൾക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും പഞ്ചായത്ത് അംഗം വ്യക്തമാക്കി.