അടയ്ക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിനെതിരെ സിപിഐഎം
അടയ്ക്കാത്തോട്: അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ വൻ അഴിമതി നടത്തിയെന്ന് സിപിഎം അടക്കാത്തോട് ലോക്കൽ സെക്രട്ടറി എ എ സണ്ണി. സിപിഎം പേരാവൂർ ഏരിയ കമ്മിറ്റി അംഗം കെ സി ജോർജ്, സിപിഎം അടയ്ക്കാത്തോട് ലോക്കൽ കമ്മിറ്റി അംഗം പി ജെ ടോമി എന്നിവർ കേളകത്ത് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്.
2021-2022,2022-2023 വർഷത്തിലുമായി നടത്തിയ ഓഡിറ്റിംഗ് റിപ്പോർട്ടിങ്ങിലാണ് യുഡിഎഫ് ഭരണസമിതി നടത്തിയ അഴിമതിയുടെ പരാമർശം ഉള്ളത്. കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും അടയ്ക്കാത്തോട് ക്ഷീര സഹകരണ സംഘം സെക്രട്ടറിയുമായ സന്തോഷ് ജോസഫ് മണ്ണാർകുളത്തിന്റെ നേതൃത്വത്തിൽ യുഡിഎഫ് ഭരണസമിതിയാണ് ഞെട്ടിക്കുന്ന കൊള്ള നടത്തിയത്. 28 ലക്ഷത്തിന്റെ അധികം രൂപയുടെ കാലിത്തീറ്റ കുംഭകോണമാണ് ഇതിൽ പ്രധാനം. വ്യാജ കമ്പനിയായ എം കെ അസോസിയേറ്റ്സിന്റെ പേരിൽ വ്യാജ രസീത് ബുക്കും വൗച്ചറുകളും ഉണ്ടാക്കി സെക്രട്ടറിയുടെ സ്വന്തം കൈപ്പടയിൽ തന്നെ വ്യാജ രേഖ ചമച്ച് കാൽക്കോടിയിൽ അധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. മേൽ തുക 18% പലിശയോടെ സെക്രട്ടറിയിൽ നിന്നും തിരികെ പിടിക്കാനും ക്രിമിനൽ നിയമപ്രകാരം നടപടിയെടുക്കാനും ഓഡിറ്റിംഗ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നതായി നേതാക്കൾ അറിയിച്ചു. കർഷകരിൽ നിന്നും ആയിരം ലിറ്റർ പാൽ ശേഖരിക്കുമ്പോൾ ദിവസേന 30 ലിറ്റർ പാൽ മിച്ചം വരേണ്ട സ്ഥാനത്ത് ദിവസവും 100 ലിറ്ററിലധികം പാലിന്റെ കുറവാണ് കണ്ടെത്തിയിട്ടുള്ളത്. ഇതുവഴി ദിവസവും ആറായിരത്തിലധികം രൂപ സെക്രട്ടറിയും ജീവനക്കാരും കൂടി പോക്കറ്റിൽ ആക്കി. മൂന്നുമാസത്തെ കണക്ക് പരിശോധനയിൽ തന്നെ 3000 ത്തോളം ലിറ്റർ പാലിന്റെ കുറവ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ദിവസേന കട്ട് വിൽക്കുന്ന പാലിന്റെ വില ലിറ്ററിന് 50 രൂപ കണക്കാക്കി 18% പലിശയോടെ സെക്രട്ടറി യിൽ നിന്നും തന്നെ തിരികെ പിടിക്കുവാനും ഓഡിറ്റിംഗ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നതായി നേതാക്കൾ പറഞ്ഞു. നാലുലക്ഷം രൂപ കർഷകർക്ക് കൊടുക്കാൻ ബാക്കിനിൽക്കെ രണ്ടര ലക്ഷം രൂപ മുൻകൂറായി കർഷകർ കൈപ്പറ്റിയതായി കണക്ക് കാണിച്ചിരിക്കുന്നു. ഇങ്ങനെ തിരുമറി നടത്തിയ തുക 18% പലിശയോടെ സെക്രട്ടറിയിൽ നിന്നും ഈടാക്കുവാനും ഓഡിറ്റിംഗ് റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. വ്യാജ കമ്പനികളുടെ പേരിൽ സെക്രട്ടറി സ്വന്തം കൈപ്പടയിൽ ബില്ലും വൗച്ചറുകളും എഴുതി സൂക്ഷിച്ചിരിക്കുന്നതായും ഓഡിറ്റിങ്ങിൽ കണ്ടെത്തി. അർഹതപ്പെട്ട നൂറുകണക്കിന് കർഷകർക്ക് അംഗത്വം നൽകാതെ വഞ്ചിക്കുകയും അവർക്ക് അംഗമെന്ന നിലയിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്നതായും സിപിഎം നേതാക്കൾ പറഞ്ഞു.മേൽ അഴിമതിയും കൊള്ളയും നടത്തിയ സെക്രട്ടറിയേയും ഇപ്പോഴും സംരക്ഷിക്കുന്ന നിലവിലെ ഭരണസമിതിയേയും പിരിച്ചുവിടുകയും കുറ്റവാളികളെ അഴിമതി നിരോധന നിയമപ്രകാരം ജയിലിൽ അടയ്ക്കാനും സിപിഎം അടയ്ക്കാത്തോട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെടുന്നതായും നേതാക്കൾ പറഞ്ഞു.