സുരക്ഷാ സേനയും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ, 16കാരിയുടെ കഴുത്തിൽ ബുള്ളറ്റ് കുടുങ്ങിക്കിടന്നത് ദിവസങ്ങൾ
റായ്പൂർ: സുരക്ഷാ സേനയും മാവോയിസ്റ്റും തമ്മിലുള്ള ആക്രമണത്തിനിടെ പതിനാറുകാരിയുടെ കഴുത്തിൽ തുളച്ച് കയറിയ വെടിയുണ്ട നീക്കി. വെള്ളിയാഴ്ചയാണ് കഴുത്തിൽ കുടുങ്ങിയ നിലയിലുണ്ടായിരുന്ന വെടിയുണ്ട നീക്കിയത്. ഛത്തീസ്ഗഡിൽ ഡിസംബർ 12നുണ്ടായ മാവോയിസ്റ്റ് സുരക്ഷാ സേനാ വെടിവയ്പിനിടെയാണ് 16കാരിക്ക് വെടിയേറ്റത്. ചൊവ്വാഴ്ചയാണ് പരിക്കേറ്റ നിലയിൽ 16കാരിയെ റായ്പൂരിലെ ഡികെഎസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചത്. ഇവിടെ ഐസിയുവിൽ കഴിഞ്ഞിരുന്ന 16കാരിയുടെ ശസ്ത്രക്രിയ വെള്ളിയാഴ്ചയാണ് പൂർത്തിയായത്.
12 അംഗ ഡോക്ടർ സംഘമാണ് 16കാരിയുടെ കഴുത്തിൽ നിന്ന് വെടിയുണ്ട നീക്കിയത്. ഞരമ്പുകൾക്ക് കേടപാടില്ലാതെ വെടിയുണ്ട നീക്കം ചെയ്തെങ്കിലും അടുത്ത 48 മണിക്കൂർ 16കാരിക്ക് നിർണായകമാണെന്നാണ് ഡികെഎസ് ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡേ. ഹേമന്ത് ശർമ്മ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഡിസംബർ 12ന് പുലർച്ചെ 3 മണിയോടെ ആരംഭിച്ച മാവോയിസ്റ്റ് വേട്ടയിൽ 7 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്നാണ് സുരക്ഷാ സേനാ വിശദമാക്കിയത്. നാല് പ്രായപൂർത്തിയാകാത്തവർക്കാണ് വെടിവയ്പിൽ പരിക്കേറ്റത്. മാവോയിസ്റ്റുകൾ ഉപയോഗിച്ച ബാരൽ ഗ്രെനേഡ് ലോഞ്ചറിൽ നിന്നാണ് കുട്ടികൾക്ക് പരിക്കേറ്റതെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അബുജ്മർ മേഖലയിലുണ്ടായ വെടിവയ്പിൽ നാല് കുട്ടികൾക്കാണ് പരിക്കേറ്റത്. നാല് വയസുകാരന്റെ തലയിൽ വെടിയേറ്റ് പരിക്കുണ്ടെങ്കിലും ജീവന് ആപത്തില്ല. 14ഉം 17ഉം വയസ് പ്രായമുള്ള കുട്ടികൾക്കും ഏറ്റുമുട്ടലിൽ വെടിയേറ്റിരുന്നു. കൊല്ലപ്പെട്ടവർ മാവോയിസ്റ്റുകളാണെന്നും ഗ്രാമീണരാണെന്നുമുള്ള വാദ പ്രതിവാദങ്ങൾ ഇതിനോടകം ശക്തമായിട്ടുണ്ട്. റായ്പൂരിൽ നിന്ന് 350കിലോമീറ്റർ അകലെയാണ് വെടിവയ്പ് നടന്ന് അബുജ്മർ സ്ഥിതി ചെയ്യുന്നത്.