Uncategorized

സിനിമ ബോറടിച്ചപ്പോള്‍ ഇറങ്ങിപ്പോയോ: കാണാത്ത ഭാഗത്തിന്‍റെ ടിക്കറ്റ് പൈസ തിരിച്ചു തരും, പുതിയ സംവിധാനം

ദില്ലി: ഇന്ത്യയിലെ പ്രമുഖ മള്‍ട്ടിപ്ലക്സ് ശൃംഖലയായ പിവിആര്‍ ഇനോക്സ് ഫ്ലെക്സി ഷോ സംവിധാനം അവതരിപ്പിക്കുന്നു. ഇത് പ്രകാരം ഒരാള്‍ സിനിമയ്ക്ക് ഇടയ്ക്ക് പോയാലും, ആ സിനിമ കണ്ടിരുന്ന സമയത്തിന് മാത്രം പൈസ നല്‍കിയാല്‍ മതി. ഒടിടി കാലത്ത് തങ്ങള്‍ കാണുന്ന കണ്ടന്‍റിന് മുകളില്‍ ഉപയോക്താവിന് നിയന്ത്രണം നല്‍കുന്ന സംവിധാനം ബിഗ് സ്ക്രീനിലും നല്‍കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് പിവിആര്‍ ഇനോക്സ് സിഇഒ വിശദീകരിച്ചു.

“ഫ്ലെക്സി ഷോകള്‍ പ്രേക്ഷകർക്ക് അവർ കാണുന്നതിന് മാത്രം പണം നൽകാനുള്ള സൗകര്യം ഒരുക്കുന്നു. ഒരു ഉപഭോക്താവ് എന്ത് കാരണത്താലും ഒരു സിനിമയുടെ ഇടയില്‍ അത് നിര്‍ത്തി പോകുകയാണെങ്കില്‍, ആ ഉപഭോക്താവില്‍ നിന്നും അവര്‍ കണ്ട സമയത്തിന്‍റെ പണം മാത്രമേ ഈടാക്കൂ, മുഴുവന്‍ ടിക്കറ്റിന്‍റെയും പണം നല്‍കേണ്ടതില്ല. ഒടിടിയിലും മറ്റും ഉപയോക്താക്കളുടെ നിയന്ത്രണത്തില്‍ കണ്ടന്‍റ് ലഭിക്കുന്ന കാലത്ത് തീയറ്റര്‍ കണ്ടന്‍റിലെ കാര്‍ശന നിയമങ്ങള്‍ ലഘൂകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു ” പിവിആര്‍ ഇനോക്സ് സിഇഒ പദ്ധതി അവതരിപ്പിച്ച് വിശദീകരിച്ചു.

പിവിആര്‍ ആദ്യ ഘട്ടത്തിൽ ദില്ലിയിലും ഗുരുഗ്രാമിലും ഫ്ലെക്സി ഷോകൾ അവതരിപ്പിച്ചു, രണ്ടാം ഘട്ടത്തിൽ നിരവധി ടയർ-1 നഗരങ്ങളില്‍ ഈ സേവനം ലഭ്യമാക്കും. മൂന്ന് നാലു മാസമായി ഈ പദ്ധതി ട്രയല്‍ റണ്‍ നടത്തുകയാണെന്നും, അതില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ ഇത് അവതരിപ്പിക്കുമ്പോള്‍ വളരെ ഗുണകരമായെന്നും പിവിആര്‍ പറയുന്നു.

അതേ സമയം ടിക്കറ്റ് നിരക്കിൽ 10 ശതമാനം അധികം പ്രീമിയം അടച്ചാല്‍ മാത്രമാണ് പ്രേക്ഷകർക്ക് ഫ്ലെക്സി ഷോ ഫീച്ചർ തിരഞ്ഞെടുക്കാന്‍ കഴിയുക. ഉപയോക്താവ് സിനിമ ഇടയ്ക്ക് ഉപേക്ഷിച്ചാല്‍ റീഫണ്ട് ചെയ്യേണ്ട തുക കണക്കാക്കുവാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പിവിആര്‍ അറിയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button