‘400 രൂപ തരില്ല’, 26കാരനായ കാർ ഡ്രൈവറെ കുത്തിക്കൊന്നു, പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ, 4 പേർ ഒളിവിൽ
ദില്ലി: 400 രൂപയെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ 26കാരനായ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കമുള്ള സംഘം. വടക്ക് കിഴക്കൻ ദില്ലിയിലെ സോണിയ വിഹാറിലാണ് സംഭവം. വെള്ളിയാഴ്ച ടാക്സി കാർ വിളിച്ച മൂന്നംഗ സംഘം പണത്തിന്റെ പേരിൽ 26കാരനുമായി തർക്കിക്കുകയായിരുന്നു. തർക്കം കയ്യാങ്കളിയിലേക്ക് എത്തിയതോടെ യാത്രക്കാരായ മൂവർ സംഘം സുഹൃത്തുക്കളേക്കൂടി സ്ഥലത്തേക്ക് വിളിച്ച് വരുത്തിയാണ് ടാക്സി ഡ്രൈവറെ ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് പ്രതികളിലൊരാളായ പ്രായപൂർത്തിയാകാത്ത അക്രമിയെ പിടികൂടി.
ജഹാംഗിർപുരി സ്വദേശിയായ സന്ദീപ് എന്ന ടാക്സി ഡ്രൈവറാണ് കൊല്ലപ്പെട്ടത്. നോയിഡയിൽ നിന്നാണ് ടാക്സി ഡ്രൈവർ മൂന്നംഗ സംഘത്തെ കാറിൽ കയറ്റിയത്. യാത്ര പൂർത്തിയായതിന് ശേഷം മൂന്നംഗ സംഘം പണം നൽകാൻ വിസമ്മതിക്കുകയായിരുന്നു. വാക്കേറ്റമായതിന് പിന്നാലെ രണ്ട് സുഹൃത്തുക്കൾ കൂടി എത്തിയാണ് കാർ ഡ്രൈവറെ ആക്രമിച്ചത്. കയ്യേറ്റത്തിനിടെ തലയിലും വയറിലും കുത്തേറ്റാണ് സന്ദീപ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇതുവഴിയെത്തിയ പട്രോൾ സംഘം സന്ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരിക്കുകയായിരുന്നു.
സംഭവ സ്ഥലത്തിന് പരിസരത്ത് നിന്ന് കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങളാണ് സംഭവിച്ചത് എന്താണെന്ന് വ്യക്തമാകാൻ പൊലീസിനെ സഹായിച്ചതെന്നാണ് വടക്ക് കിഴക്കൻ ദില്ലി ഡിസിപി രാകേഷ് പവേരിയ വിശദമാക്കുന്നത്. ഓൺലൈൻ ടാക്സി വിളിച്ച ആളെ തിരിച്ചറിയുകയും ഇയാളെ കണ്ടെത്താനായതുമാണ് അന്വേഷണത്തിൽ നിർണായകമായത്. കോണ്ട്ലി സ്വദേശിയായ പ്രതീക് എന്ന യുവാവാണ് ടാക്സി ബുക്ക് ചെയ്തിരുന്നത്. ഇയാളുടെ സുഹൃത്തുക്കളായ ദീപാൻഷു, രാഹുൽ, മായങ്ക്, നിഖിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് സംഭവത്തിൽ പിടിയിലായിട്ടുള്ളത്. നിഖിലാണ് കാർ ഡ്രൈവറെ കുത്തി വീഴ്ത്തിയത്. ദീപാൻഷുവിനെതിരെ നേരത്തെയും പൊലീസ് കേസുകളുള്ള വ്യക്തിയാണ്. കേസിൽ ബാക്കിയുള്ളവരെ പിടികൂടാനുള്ള ശ്രമം ഊർജ്ജിതമാക്കിയെന്നാണ് പൊലീസ് വിശദമാക്കുന്നത്.