Uncategorized

ഐഎഫ്എഫ്കെ 2024 കൊടിയിറങ്ങി; അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ’

എട്ട് ദിവസം നീണ്ടുനിന്ന 29-ാം മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം സമാപിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്, സംവിധായിക പായൽ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച സിനിമയ്ക്കുള്ള സുവർണചകോരം ബ്രസീലിയൻ ചിത്രം മലു നേടി.

‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രമാണ് ചലച്ചിത്രമേളയിൽ അവാർഡുകൾ വാരിക്കൂട്ടിയത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഉൾപ്പെടെ അഞ്ച് അവാർഡുകളാണ് ചിത്രം നേടിയത്. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത സിനിമ ചലച്ചിത്രമേളയിലെ ജനപ്രിയ ചിത്രമായും തിരഞ്ഞെടുത്തു.

അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ സാങ്കേതിക മികവിനുള്ള ജൂറി പ്രത്യേക പരാമ‍ർശം ‘ഈസ്റ്റ് ഓഫ് നൂണി’ന്റെ സംവിധായിക ഹല എൽകൗസിക്കാണ്. അപ്പുറത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനഘ രവിക്കും റിഥം ഓഫ് ദമാമിലെ അഭിനയത്തിന് ചിന്മയ സിദ്ധിക്കും മികച്ച പ്രകടനത്തിനുള്ള പ്രത്യേക ജൂറി പരാമ‍ർശം ലഭിച്ചു.

നവാഗത സംവിധായകന്റെ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം വിക്ടോറിയയുടെ സംവിധായിക ശിവരഞ്ജിനി ജെ സ്വന്തമാക്കി. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം ‘മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്സ്’ എന്ന ഇറാനിയൻ ചിത്രത്തിന് ലഭിച്ചു. നെറ്റ്പാക്ക് ജൂറി പ്രത്യേക പരാമ‍ർശം മിഥുൻ മുരളി സംവിധാനം ചെയ്ത കിസ് വാഗണിനാണ്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള ‌എഫ്എഫ്എസ്ഐ കെ ആ‍ർ മോഹനൻ അവാ‍ർഡ് അപ്പുറത്തിന്റെ സംവിധായിക ഇന്ദുലക്ഷ്മി സ്വന്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button