വീട് പണി കഴിഞ്ഞിട്ടും ‘കനത്ത’ വൈദ്യുതി ബില്ല് തന്നെ, കെഎസ്ഇബിക്ക് ‘കടുത്ത’ പണിയായി! 20000 നഷ്ടപരിഹാരം വിധിച്ചു
തൃശൂർ: വീട് പണി പൂർത്തിയായിട്ടും നിർമ്മാണ താരിഫിൽ ബില്ലുകൾ നൽകിയതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. കൂടുതലായി അടപ്പിച്ച പണം തിരികെ നൽകുവാനും നഷ്ട പരിഹാരമായി 20000 രൂപ നൽകാനുമാണ് ഉപഭോക്തൃകോടതി വിധിച്ചത്. തൃശൂർ തളിക്കുളം സ്നേഹതീരം റോഡിൽ തൊഴുത്തും പറമ്പിൽ വീട്ടിൽ മഹേഷ് ടി ആർ ഫയൽ ചെയ്ത ഹർജിയിൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്‍റെ (കെ എസ് ഇ ബി) തളിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയും തിരുവനന്തപുരത്തെ സെക്രട്ടറിക്കെതിരെയുമാണ് തൃശൂർ ഉപഭോക്തൃകോടതിയുടെ വിധി.
വീട് പണിക്ക് ശേഷം അപേക്ഷ പരിഗണിച്ച് പരിശോധനകൾ നടത്തി വൈദ്യുതി ബോർഡ് മഹേഷിന് ത്രീ ഫേസ് കണക്ഷൻ നൽകിയിരുന്നു. എന്നാൽ പിന്നീട് വന്ന ബില്ലുകളിലെ തുക അധികമെന്ന് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോൾ നിർമ്മാണ താരിഫിൽ തന്നെയാണ് ബില്ലുകൾ വരുന്നതെന്ന് വ്യക്തമാകുകയായിരുന്നു. ഉടൻ തന്നെ മഹേഷ് പരാതിപ്പെട്ടെങ്കിലും കെ എസ് ഇ ബിയിൽ നിന്ന് അനുകൂല നടപടി ഉണ്ടായില്ല. പരാതിക്ക് ഫലമുണ്ടാകാത്തതിനെ തുടർന്ന് മഹേഷ് ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു.
അപേക്ഷകൾ പരിഗണിക്കുക മാത്രമല്ല അതിനനുസരിച്ച് വൈദ്യുതി ബോർഡ് പ്രവർത്തിക്കേണ്ടതുകൂടിയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. താരിഫ് മാറ്റി നൽകാതിരുന്നത് വൈദ്യുതി ബോർഡിന്‍റെ ഭാഗത്തുനിന്നുള്ള സേവനത്തിലെ വീഴ്ചയും അനുചിത കച്ചവട ഇടപാടുമാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി, ഹർജിക്കാരനിൽനിന്ന് കൂടുതലായി ഈടാക്കിയ ബിൽ തുകകൾ തിരിച്ചുനൽകുകയോ വരുംബില്ലുകളിലേക്ക് വരവ് വെക്കുകയോ ചെയ്യണമെന്നും നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകണമെന്നും കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. എ ഡി ബെന്നിയാണ് ഹാജരായി വാദം നടത്തിയത്.