Uncategorized

ആറു വയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുര്‍മന്ത്രവാദം? അടിമുടി ദുരൂഹത, അറസ്റ്റിലായ അനിഷയുടെ മൊഴിയിൽ വൈരുധ്യം

എറണാകുളം:കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയതിൽ അടിമുടി ദുരൂഹത തുടരുന്നു. കേസിൽ അറസ്റ്റിലായ അനിഷയുടെ മൊഴിയിലുള്ള വൈരുധ്യമാണ് പൊലീസിനെ കുഴയ്ക്കുന്നത്. ആറു വയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുര്‍മന്ത്രവാദമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ദുര്‍മന്ത്രവാദം പോലുള്ള അഅന്ധവിശ്വാസങ്ങളുടെ സ്വാധീനവും പൊലീസ് സംശയിക്കുന്നുണ്ട്. അറസ്റ്റിലായ അനിഷ പലപ്പോഴായി പലതരത്തിലുള്ള മൊഴിയാണ് പൊലീസിന് നൽകുന്നത്. അനിഷയുടെ ഭര്‍ത്താവ് അജാസ് ഖാൻ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. വിശദമായ അന്വേഷണത്തിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു.

ദുർമന്ത്രവാദ സാധ്യതയെ കുറിച്ച് അവ്യക്തമായ സംശയം നിലനിൽക്കുന്നുണ്ടെന്നും നിലവിൽ കേസിൽ ഒരു പ്രതി മാത്രമെന്നാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു. നെല്ലിക്കുഴിയിൽ സ്ഥിര താമസമാക്കിയ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്‍റെ ആറു വയസുകാരിയായ മകൾ മുസ്കാനെ ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അജാസ് ഖാന്‍റെ രണ്ടാം ഭാര്യ നിഷയെന്ന വിളിക്കുന്ന അനിഷയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. അജാസ് ഖാന് ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട മുസ്കാൻ.

നിഷയ്ക്കും ആദ്യ വിവാഹ ബന്ധത്തിൽ ഒരു കുട്ടിയുണ്ട് . അടുത്തിടെ അജാസ് ഖാനിൽ നിന്ന് നിഷ വീണ്ടും ഗർഭിണിയായിരുന്നു. ഒരു കുട്ടി കൂടി വരുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിന് മുസ്കാൻ തടസമാകുമോ എന്ന ചിന്തയിലാണ് കുഞ്ഞിനെ കൊന്നതെന്നാണ് നിഷ ആദ്യം നൽകിയ മൊഴി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ദുര്‍മന്ത്രവാദമടക്കമുള്ള കാര്യങ്ങള്‍ സംശയിക്കുന്ന തരത്തിലുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചത്. അജാസ് ഖാന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് നിഗമനം.

അതേസമയം, പൊലീസിന്‍റെ സംശയം ബലപ്പെടുന്ന തരത്തിലാണ് പ്രദേശവാസികളുടെയും പ്രതികരണം. രാവിലെ കുട്ടി അനങ്ങുന്നില്ലെന്ന് പറഞ്ഞാണ് അയൽവീട്ടിൽ വന്ന് വിവരം പറയുന്നതെന്ന് വാര്‍ഡ് മെമ്പര്‍ ടിഒ അസീസ് പറഞ്ഞു. അവര്‍ വന്ന് നോക്കുമ്പോള്‍ കുട്ടി വിറങ്ങലിച്ച് നിലയിലായിരുന്നു. തുടര്‍ന്ന് അയൽക്കാര്‍ തന്നെ വിവരം അറിയിക്കുകയായിരുന്നു. അപ്പോ തന്നെ പൊലീസിനെ വിവരം അറിയിച്ചു. ഭാര്യയ്ക്ക് എന്തൊക്കെയോ ബാധയുണ്ടെന്നാണ് അജാസ് പറഞ്ഞത്. രാത്രി തന്‍റെ കൂടെ ഭക്ഷണം കഴിച്ച് കുട്ടികള്‍ മറ്റൊരു മുറിയിൽ കിടന്നതാണ്. താനും ഭാര്യയും മറ്റൊരു മുറിയിലാണ് കിടന്നിരുന്നതെന്നും രാത്രി പത്തരയോടെ ജോലി സ്ഥലത്തേക്ക് പോയെന്നുമാണ് അജാസ് പറഞ്ഞത്. പിന്നീട് ഒരു മണിയോടെ തിരിച്ചെത്തിയതെന്നും ഭാര്യക്ക് ബാധയുണ്ടെന്നും അതുകൊണ്ട് പലരീതിയിൽ അവള്‍ പ്രതികരിക്കുമെന്നുമൊക്കെയാണ് അജാസ് പറഞ്ഞത്. മൂന്ന് വയസ് പ്രായമുള്ളപ്പോഴാണ് അജാസ് പിതാവിനൊപ്പം ഇവിടെ എത്തിയതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button