Uncategorized

1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക്; സബ്‌സിഡിയോടെ നിത്യോപയോഗ സാധനങ്ങൾ, കൺസ്യൂമർഫെഡ് ക്രിസ്മസ്-പുതുവത്സര വിപണി

കോട്ടയം: സഹകരണ മേഖലയുടേത് സാമൂഹിക പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളാണെന്നും അതിന്‍റെ ഭാഗമായാണ് സഹകരണ വകുപ്പ് കൺസ്യൂമർഫെഡ് വഴി സബ്‌സിഡി നിരക്കിൽ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതെന്നും സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി എൻ വാസവൻ. സഹകരണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഏറ്റുമാനൂർ ത്രിവേണി അങ്കണത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങി ആഘോഷകാലയളവുകളിൽ പൊതുവിപണിയിലെ വിലവർധന തടയാൻ ഇടപെടുന്ന സഹകരണ സ്ഥാപനമാണ് കൺസ്യൂമർഫെഡ്. സഹകരണവകുപ്പ് കൺസ്യൂമർഫെഡ് വഴി 13 നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി വിലയിൽ നൽകുന്നു. 1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക് നൽകുന്നു. സാധാരണക്കാർക്ക് ആശ്വാസം പകരാനും പൊതുവിപണിയിലെ വില നിയന്ത്രിക്കാനുമുള്ള സർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് സബ്‌സിഡി നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുന്നത്.

കൊവിഡ് കാലത്ത് പൾസ് ഓക്‌സിമീറ്റർ 950 രൂപയ്ക്ക് കൺസ്യൂമർ ഫെഡ് നൽകിയിരുന്നു. 3000 രൂപ പൊതുവിപണിയിൽ വിലയുള്ള സമയത്താണിത്. ആരോഗ്യമേഖലയിലും സഹകരണസ്ഥാപനങ്ങൾ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നു. ഗുണമേന്മയേറിയ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുകയാണ് കൺസ്യൂമർ ഫെഡ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. വേദിയിൽ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷത്തിലും മന്ത്രി പങ്കെടുത്തു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് ഉൽപ്പന്നങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും വിപണിയിലൂടെ ലഭിക്കും.

ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടിയറ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായി. കൺസ്യൂമർഫെഡ് മാനേജിങ് ഡയറക്ടർ എം. സലീം റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, രശ്മി ശ്യാം, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ കെ.വി. സുധീർ, കൺസ്യൂമർ ഫെഡ് കോട്ടയം ഡയറക്ടർ പ്രമോദ് ചന്ദ്രൻ, അസിസ്റ്റന്റ് രജിസ്ട്രാർ ഉണ്ണിക്കൃഷ്ണൻ നായർ, ജില്ലാ സഹകരണ ആശുപത്രി വൈസ് ചെയർമാൻ കെ.എൻ. വേണുഗോപാൽ, ഏറ്റുമാനൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു ജോസഫ് കൂമ്പിക്കൽ, റീജണൽ മാനേജർ പി.എൻ. മനോജ്, രാഷ്ട്രീയകക്ഷി പ്രതിനിധി ബാബു ജോർജ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button