384.34 കോടി ചെലവ്, അത്യാധുനിക സംവിധാനങ്ങൾ; ആരോഗ്യ രംഗത്ത് വൻ കുതിപ്പിന് കേരളം; കാൻസർ സെന്‍റർ സജ്ജമാകുന്നു
കൊച്ചി: പൊതുജനാരോഗ്യ രംഗത്തു വൻ കുതിപ്പിന് ഒരുങ്ങി കളമശേരി സർക്കാർ മെഡിക്കൽ കോളേജിൽ കൊച്ചിൻ കാൻസർ റിസർച്ച് സെന്‍ററും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും നിർമാണം അന്തിമ ഘട്ടത്തിൽ. കാൻസർ സെന്‍റ൪ നിർമാണം പൂർത്തിയാക്കി ജനുവരി 30 ന് സർക്കാരിന് കൈമാറും. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഫെബ്രുവരി അവസാനവും നിർമ്മാണം പൂർത്തിയാക്കി കൈമാറും. കാൻസർ സെന്‍ററിന്‍റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരവും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മെയ് ആദ്യവാരവും ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി പി രാജീവ് പറഞ്ഞു.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലും കാൻസർ സെന്‍ററിലും സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ അഭിമാന പദ്ധതിയാണു കൊച്ചി കാ൯സ൪ സെന്റ൪. മറ്റ് കാ൯സ൪ സെന്ററുകളിൽ നിന്നു വ്യത്യസ്തമായി ഗവേഷണത്തിനു കൂടി ഇവിടെ പ്രാധാന്യം നൽകുന്നു. 6.4 ലക്ഷം ചതുരശ്ര അടി വിസ്തീ൪ണമുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്. 360 കിടക്കകൾ ഇവിടെ സജ്ജമാക്കും. അത്യാധുനിക പരിശോധനാ സംവിധാനങ്ങളാണു തയാറാകുന്നത്. ഭാവിയിലെ ആവശ്യങ്ങൾ കൂടി പരിഗണിച്ചുള്ള പ്ലാനാണു തയാറാക്കി വികസിപ്പിച്ചിരിക്കുന്നത്.