Uncategorized

ചരിഞ്ഞ പ്രദേശത്ത് നിർമാണം, ഉരുൾപൊട്ടൽ സാധ്യത; വയനാട്ടിൽ 7 റിസോർട്ടുകൾ പൊളിച്ച് നീക്കണം, ഉത്തരവിറക്കി

സുല്‍ത്താന്‍ബത്തേരി: ബഫര്‍സോണ്‍ മേഖലകളിലും ഉരുള്‍പ്പൊട്ടല്‍ സാധ്യത പ്രദേശങ്ങളിലും നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റാന്‍ വയനാട് സബ്കളക്ടറുടെ ഉത്തരവ്. അമ്പുകുത്തി, എടക്കല്‍ മലനിരകളില്‍ താഴ്വാരങ്ങളിലും പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളാണ് അനധികൃതമായി നിര്‍മ്മിച്ചതെന്ന് ഒടുവില്‍ സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാറുടെ നേതൃത്വലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധിച്ച് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സബ് കളക്ടറുടെ നടപടി. ഏഴ് റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റണമെന്നാണ് ഉത്തരവിലുള്ളത്.

കഴിഞ്ഞ സെപ്തംബറില്‍ നടന്ന ജില്ല വികസന സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയായതിന് പിന്നാലെ പ്രദേശത്ത് നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുല്‍ത്താന്‍ബത്തേരി തഹസില്‍ദാര്‍, ജില്ല ജിയോളജിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ്, ജില്ല സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍, മൈനിങ് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലും ഉയര്‍ന്ന അപകട മേഖലയുടെ 500 മീറ്റര്‍ ബഫര്‍ സോണിലുമാണ് 7 റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്.

മേല്‍മണ്ണ് കുറഞ്ഞ ചരിവുള്ള പ്രദേശത്ത് ഉള്‍പ്പെടെ റിസോര്‍ട്ട് നിര്‍മിച്ചിട്ടുണ്ടെന്നും മറ്റൊരു റിസോര്‍ട്ടില്‍ സ്വാഭാവിക നീരുറവയടക്കം തടസപ്പെടുത്തി കുളങ്ങള്‍ നിര്‍മിച്ചതായും പരിശോധനയില്‍ വ്യക്തമായിരുന്നു. ഉരുള്‍പൊട്ടല്‍ അപകടങ്ങള്‍ ഉണ്ടായാല്‍ ഈ കുളങ്ങള്‍ താഴ്വാരത്തെ കുടുംബങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ മാസം ഒന്‍പതിനാണ് തഹസില്‍ദാര്‍ സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഉത്തരവ് പുറത്തുവന്ന തീയ്യതി മുതല്‍ പതിനഞ്ച് ദിവസത്തിനകം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് ജില്ല ജിയോളജിസ്റ്റ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കുകയും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്നും സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരതിന്റെ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button