‘അടുത്ത തവണ ക്യൂ നിന്ന് വലയേണ്ട’ : ഐഎഫ്എഫ്കെയില്‍ പുതിയ സംവിധാനം ഒരുക്കുമെന്ന് പ്രേം കുമാര്‍
തിരുവന്തപുരം: 29മത് കേരള രാജ്യാന്തര ചലച്ചിത്ര മേള അതിന്‍റെ അവസാനത്തോട് അടുക്കുകയാണ്. ഇത്തവണ മികച്ച ചലച്ചിത്രങ്ങളാണ് ഐഎഫ്എഫ്കെയില്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയത്. എന്നാല്‍ ഡെലിഗേറ്റുകള്‍ അടക്കം ചില പരാതികള്‍ ഉയര്‍ത്തിയിരുന്നു. അതില്‍ പ്രധാന കാര്യം ചില പ്രധാന ചിത്രങ്ങള്‍ക്കുള്ള നീണ്ട ക്യൂവാണ്.
ഇപ്പോള്‍ റിസര്‍വേഷന്‍ സിസ്റ്റത്തിലാണ് ഐഎഫ്എഫ്കെയിലെ ഷോകള്‍ നടക്കുന്നത്. ഷോയ്ക്ക് ഒരു ദിവസം മുന്‍പ് രാവിലെ എട്ടുമണിക്കാണ് റിസര്‍വേഷന്‍ ആരംഭിക്കുക. 70 ശതമാനം സീറ്റ് റിസര്‍വേഷന് എന്നാണ് ചലച്ചിത്ര അക്കാദമി അറിയിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള 30 ശതമാനം റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്ക് നല്‍കും. എന്നാല്‍ ഇത്തരത്തില്‍ എത്തുന്നവരുടെ ക്യൂ പലപ്പോഴും വലുതാണ്. ഇത്തരം വലിയ ക്യൂവില്‍ നില്‍ക്കുന്ന പലരും മണിക്കൂറുകളോളും വെയിലിലും നിന്നിട്ടും പിന്നീട് പടം കാണാന്‍ അവസരം കിട്ടുന്നില്ലെന്ന് പരാതി പറയുന്നുണ്ട്.
ഇതിന് പരിഹാരമായി തീയറ്ററിന് മുന്നില്‍ തീയറ്ററില്‍ ബാക്കി എത്ര സീറ്റ് ഉണ്ടാകും എന്ന് അറിയിച്ചാല്‍ അത് ഗുണകരമാകും എന്നും അവസാന നിമിഷ ക്യൂ ഒഴിവാക്കാം എന്നുമാണ് പലരും പറഞ്ഞത്. ഇതിനോട് അനുകൂലമായാണ് ചലച്ചിത്ര അക്കാദമിയും പ്രതികരിക്കുന്നത്.
“വളരെ സ്വാഗതാര്‍ഹമായി ഒരു നിര്‍ദേശമാണ് ഇത്. ഇപ്പോഴത്തെ മേള അവസാനിക്കാന്‍ ഇരിക്കെ ഇത് നടപ്പിലാക്കുക പ്രയോഗികമല്ല. എന്നാല്‍ ഭാവിയില്‍ മേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി അത് നടപ്പിലാക്കാം. വരും വര്‍ഷങ്ങളില്‍ അത് ചെയ്യാന്‍ സാധിക്കും. ടെക്നോളജി ഉപയോഗപ്പെടുത്തി ഇത് സാധ്യമാക്കാം. തീയറ്ററിന് മുന്നിലെ നീണ്ട ക്യൂവും കാത്തിരിപ്പും ഒരു പരിധിവരെ ഇത് മൂലം കുറയ്ക്കാന്‍ സാധിക്കും. അത് വരും വര്‍ഷത്തില്‍ ചലച്ചിത്ര മേള സംഘാടനത്തില്‍ ഉപയോഗിക്കും” – പ്രേം കുമാര്‍ പ്രതികരിച്ചു.