പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ സന്ദർശിച്ച് അല്ലു അരവിന്ദ്
പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ സന്ദർശിച്ച് അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്. കിംസ് ആശുപത്രിയിൽ എത്തിയാണ് കുട്ടിയെ കണ്ടത്. കുട്ടിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്. പൊലീസിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് അല്ലു അരവിന്ദ് ആശുപത്രിയിൽ എത്തിയത്.
നിയമ നടപടികൾ പുരോഗമിക്കുന്നതിനാലാണ് അല്ലു അർജുൻ നേരിട്ട് വരാത്തതെന്ന് അല്ലു അരവിന്ദ് അറിയിച്ചു. കുട്ടിയെ സന്ദർശിക്കാൻ അല്ലു അർജുൻ വരാത്തതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു.
മരിച്ച യുവതിയുടെ പിതാവിനോടും ഭർത്താവിനോടും അല്ലു അരവിന്ദ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരോടും ചികിത്സാ വിവരങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. കുട്ടി സുഖം പ്രാപിക്കാന്‍ ഒരുപാട് സമയമെടുക്കുമെന്നും വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടി ഇപ്പോഴുള്ളതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഹൈദരാബാദ് സിറ്റി പൊലീസ് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.