കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കെ. ജയകുമാറിന്
ദില്ലി : കേന്ദ്ര സാഹിത്യ അക്കാദമി 2024 പുരസ്കാരം കെ. ജയകുമാറിന്. പിങ്ഗള കേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ ജയകുമാർ, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ്. നിലവിൽ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടറാണ്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം വളരെ പ്രധാനപ്പെട്ട അംഗീകാരമായി കരുതുന്നുവെന്ന് കെ. ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇത്തരം പുരസ്കാരങ്ങൾ വലിയ ഉത്തരവാദിത്തമാണ് എഴുത്തുകാരന് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോലിയിൽ തുടരവേ തന്നെ നിരവധി പുസ്തകങ്ങൾ എഴുതിയ വ്യക്തിയാണ് കെ. ജയകുമാറെന്നും അവാർഡ് ഏറ്റവും അനുയോജ്യമായ വ്യക്തിക്കാണ് ലഭിച്ചതെന്നും സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീനിവാസറാവു അഭിപ്രായപ്പെട്ടു. മലയാളത്തിലെ മൂന്നംഗ ജൂറി ഐക്യകണ്ഠേന എടുത്ത തീരുമാനമാണെന്ന് സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം കെ.പി രാമനുണ്ണി അറിയിച്ചു. 50 വർഷം നീളുന്ന സാഹിത്യ ജീവിതത്തിൽ കെ. ജയകുമാറിന് ലഭിക്കുന്ന അംഗീകാരമാണിത്. പ്രഭാ വർമ, കവടിയാർ രാമചന്ദ്രൻ, കൃഷ്ണൻ നമ്പൂതിരി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.