അധ്യാപികമാരുടെ വാഷ്റൂമിലെ ബൾബ് സോക്കറ്റിനുള്ളിൽ തിളക്കം, പറഞ്ഞിട്ടും ആർക്കും അനക്കമില്ല, കുടുങ്ങിയത് ഡയറക്ടർ
നോയിഡ: സ്കൂളിൽ അധ്യാപികമാരുടെ വാഷ് റൂമിനുള്ളിൽ രഹസ്യ ക്യാമറ വെച്ച സ്കൂൾ ഡയറക്ടറെ പൊലീസ് പിടികൂടി. ഇയാൾക്ക് സ്വന്തം കംപ്യൂട്ടറിലും മൊബൈൽ ഫോണിലും തത്സമയം ദൃശ്യങ്ങൾ കാണാവുന്ന തരത്തിലായിരുന്നു ക്യാമറ ക്രമീകരിച്ചിരുന്നത്. സ്കൂളിലെ ഒരു അധ്യാപിക തന്നെയാണ് ക്യാമറ കണ്ടെത്തിയരും പൊലീസിൽ വിവരം അറിയിച്ചതും.
നോയിഡ സെക്ടർ 70ൽ പ്രവർത്തിക്കുന്ന ലേൺ വിത്ത് ഫൺ എന്ന പ്ലേ സ്കൂളിലാണ് സംഭവം. വാഷ്റൂമിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒരു അസാധാരണ വസ്തു വെച്ചിരിക്കുന്നത് ഒരു അധ്യാപികയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അതിൽ നിന്ന് ചെറിയ തോതിൽ ലൈറ്റ് പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അധ്യാപികയ്ക്ക് സംശയം തോന്നി. സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം തിളങ്ങുന്ന വസ്തു ബൾബ് ഹോൾഡറിൽ നിന്ന് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് രഹസ്യ ക്യാമറയാണെന്ന് മനസിലായത്.
അധ്യാപിക ഉടൻ തന്നെ വിവരം സ്കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥനെ അറിയിച്ചു. അയാൾ സ്ഥലത്തെത്തി ക്യാമറ തന്നെയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തി. ശേഷം സ്കൂൾ ഡയറക്ടർ നവനീഷ് സഹായ്, സ്കൂൾ കോഓർഡിനേറ്റർ പാറുൾ എന്നിവരെ അറിയിച്ചെങ്കിലും ഇവർ രണ്ടു പേരും ഒന്നും അറിയില്ലെന്ന് മറുപടി നൽകുകയായിരുന്നു. മാത്രമല്ല അധ്യാപിക വിഷയം ഉന്നയിച്ച ശേഷം രണ്ട് പേരും ഒരു നടപടിയും സ്വീകരിച്ചതുമില്ല.
അധ്യാപിക പിന്നീട് പൊലീസിനെ സമീപിച്ചു. നോയിഡ സെൻട്രൽ ഡിസിപി ശക്തി മോഹൻ അവാസ്തിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തു. ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നതായും ഇതിന് പുറമെ ഇവ ലൈവായി മറ്റൊരിടത്തേക്ക് അയക്കപ്പെടുന്നതായും പൊലീസ് കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ സ്കൂൾ ഡയറക്ടർ നവനീഷ് സഹായ് അറസ്റ്റിലായി.