ഫെബ്രുവരിയിലും എത്തില്ല; സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലെത്താൻ മാർച്ച് അവസാനമാകുമെന്ന് നാസ
വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും തിരിച്ചെത്താനായി മാർച്ച് അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് നാസ. നേരത്തെ നിശ്ചയിച്ച പ്രകാരം ഇരുവരും ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ജൂണിൽ ഐ എസ് എസിൽ എത്തി ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ എട്ട് ദിവസം ചെലവഴിക്കേണ്ടതായിരുന്നു. എന്നാൽ പറക്കലിനിടെ സ്റ്റാർലൈനറിൻ്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ സാങ്കേതിക തകരാർ വന്ന സാഹചര്യത്തിലാണ് പദ്ധതിയിൽ മാറ്റം വരുത്തിയത്.
ഇതോടെ യാത്രികർക്ക് ഇനിയും 3 മാസത്തോളം കാത്തിരിപ്പാണ് മുന്നിലുള്ളത്. അതേ സമയം ബോയിങ്ങിന്റെ സ്റ്റാർലൈനറിൽ ക്രിസ്തുമസ് ആഘോഷങ്ങളും പൊടിപൊടിക്കുകയാണ്. സാന്റാ തൊപ്പി ധരിച്ച സുനിതാ വില്യംസും ബുച്ച് വിൽമോറും ഉളള ചിത്രം നാസ തന്നെ എക്സിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബഹിരാകാശ നിലയത്ത് നിന്ന് ഹാം റേഡിയോയിലൂടെ സംസാരിക്കുന്നതിനിടെയുള്ള ചിത്രങ്ങളാണ് കാണാനാകുന്നത്.
ക്രിസ്മസ് സമ്മാനങ്ങൾ, തൊപ്പി, ഭക്ഷണ സാധനങ്ങൾ, മറ്റ് അവശ്യ വസ്തുക്കൾ തുടങ്ങിയവ തിങ്കളാഴ്ച്ചയോടെ സ്പേസ് എക്സ് ഡ്രാഗൺ ക്രാഫ്റ്റിലൂടെ ഐ എസ് എസിലേക്ക് എത്തിച്ചിരുന്നു. ജൂൺ അഞ്ചിനായിരുന്നു വിൽമോറും സുനിതയും ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. എട്ടു ദിവസത്തെ മിഷനായി നടത്തിയ യാത്രയാണ് ഇപ്പോൾ ഒൻപത് മാസത്തിലേയ്ക്ക് നീളുന്നത്. സുനിതാ വില്യംസിൻ്റെ മൂന്നാം ബഹിരാകാശ യാത്രയാണിത്.