മൈസൂർ കൊട്ടാരത്തിൽ പുഷ്പോത്സവം ഡിസംബർ 21 മുതൽ
മൈസൂരു: മൈസൂർ കൊട്ടാരത്തിൽ ഈ വർഷത്തെ പുഷ്പോത്സവം ഡിസംബർ 21 മുതൽ 31വരെ നടക്കും. ക്രിസ്മസ് അവധിക്കാലത്ത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനായി ഏറെ വൈവിധ്യങ്ങളോടെയാണ് ഇത്തവണത്തെ പുഷ്പോത്സവം സംഘടിപ്പിക്കുകയെന്ന് മൈസൂർ പാലസ് ബോർഡ് അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് ഒൻപത് വരെയാണ് സന്ദർശകർക്ക് പ്രവേശനം.എല്ലാദിവസും വൈകീട്ട് ഏഴ് മുതൽ ഒൻപത് വരെ കൊട്ടാരം വൈദ്യുത പ്രകാശത്താൽ അലങ്കരിക്കും. പത്തുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാകും. മുതിർന്നവർക്ക് 30 രൂപയാണ് ഫീസ്. മേളയിൽ 25,000- ത്തോളം വിവിധതരം അലങ്കാര പൂച്ചെടികളാണ് ഈ വർഷം പ്രദർശിപ്പിക്കുന്നത്.കൂടാതെ 35- ലധികമിനം പൂച്ചെടികളും ആറു ലക്ഷം വ്യത്യസ്തപ്പൂക്കളും ഊട്ടിയിൽനിന്നെത്തിച്ച് പ്രദർശിപ്പിക്കും. 25 വരെ എല്ലാദിവസവും വൈകീട്ട് വിവിധ സാംസ്കാരികപരിപാടികളും സംഘടിപ്പിക്കും.
പുഷ്പോത്സവത്തിൻ്റെ ഉദ്ഘാടനം 21-ന് വൈകീട്ട് അഞ്ചിന് മൈസൂരു ജില്ലാ മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ നിർവഹിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.