പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി; കുഴൽമന്ദം മുൻ ഏരിയ കമ്മിറ്റി അംഗം ഉള്‍പ്പെടെ നാല് നേതാക്കൾ കോണ്‍ഗ്രസിലേക്ക്
പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിയിൽ സിപിഎമ്മിൽ കൂട്ടരാജി.കുഴൽമന്ദം മുൻ ഏരിയാ കമ്മറ്റി അംഗം വിജയൻ ഉൾപ്പെടെ 4 പേരാണ് രാജി വെച്ചത്. ഇവർ കോൺഗ്രസുമായി ചേര്‍ന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. പാർട്ടി വിടുന്നവർക്ക് സ്വീകരണം നൽകാനൊരുങ്ങുകയാണ് കോൺഗ്രസ്. കൊഴിഞ്ഞാംപാറയ്ക്കു പിന്നാലെ ഏരിയ സമ്മേളനത്തിനിടെയാണ് കുഴൽമന്ദത്തും സി പി എമ്മിൽ പൊട്ടിത്തെറിയുണ്ടായത്.
സി പി എം കുഴൽമന്ദം ഏരിയ സമ്മേളനം നടക്കുന്നതിനിടെയാണ് മുൻ ഭാരവാഹികളുടെ പാർട്ടി വിടൽ. കുഴൽമന്ദം മുൻ ഏരിയ കമ്മിറ്റി അംഗവും മഞ്ഞളൂ൪ ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന എം വിജയന്‍റെ നേതൃത്വത്തിലാണ് നാല് നേതാക്കൾ പാർട്ടിവിടുന്നത്. മഞ്ഞളൂ൪ ലോക്കൽ കമ്മിറ്റി മുൻ അംഗം സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന വി. വിജയൻ, ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ ബി. രാഹുൽ, സതീഷ് കുമാ൪ എന്നിവരാണ് പാ൪ട്ടിവിടുന്നത്.
2019 ൽ പാർട്ടി ഏരിയ സമ്മേളനത്തിൽ വിജയനെ ഉൾപ്പെടുത്തിയില്ല. ഇതിനു പിന്നാലെ പാർട്ടി നിയന്ത്രണത്തിലുള്ള പാൽ സൊസൈറ്റിയിലെ ക്രമക്കേട് ആരോപണവും വന്നു. ഇക്കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തിലും ഉൾപ്പെടുത്താതെ വന്നതോടെയാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി.
നാളെ തേങ്കുറുശ്ശി മണ്ഡലം പൊതുയോഗത്തിൽ ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പൻ ഇവർക്ക് അംഗത്വം നൽകും. അതേ സമയം വിജയനൊപ്പം കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ച സി പി എം പടിഞ്ഞാറെ വെട്ടുകാട് ബ്രാഞ്ച് കമ്മറ്റിയംഗം എം. ലെനിൻ ബി ജെ പിയിൽ ചേർന്നു. നാളെ സ്വീകരണം ഒരുക്കാൻ കോൺഗ്രസ് സ്ഥപിച്ച ഫ്ളക്ലസ് ബോർഡുകളിലും ലെനിന്‍റെ ഫോട്ടോ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയായിരുന്നു ചുവടുമാറ്റം.