ബ്രിസ്ബേന്‍ മഴയെടുത്തു! മൂന്നാം ടെസ്റ്റ് സമനിലയില്‍; ട്രാവിസ് ഹെഡ് മത്സരത്തിലെ താരം
ബ്രിസ്ബേന്‍: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍. ഇന്ത്യക്ക് മുന്നില്‍ 275 റണ്‍സ് വിജയലക്ഷ്യമാണ് ഓസീസ് വച്ചിരുന്നത്. ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച് സ്കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സുള്ളപ്പോഴേക്കും വെളിച്ചക്കുറവിനെ തുടര്‍ന്ന് കളി നിര്‍ത്തി. പിന്നീട് മഴയുമെത്തിയതോടെ അഞ്ചാം ദിവസം ഉപേക്ഷിക്കേണ്ടി വന്നു. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം. സ്കോര്‍: ഓസ്ട്രേലിയ 445 & 89/7 ഡി, ഇന്ത്യ 260 & 8/0. അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 തുടരുന്നു.
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 260ല്‍ ഒതുക്കിയ ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ ഏഴിന് 89 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്ര, രണ്ട് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. 22 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സാണ് ഓസീസിന്റെ ടോപ് സ്കോറര്‍. അലക്സ് ക്യാരി 20 റണ്‍സുമായി പുറത്താവാതെ നിന്നു. എട്ട് റണ്‍സ് മാത്രമാണ് ഇന്ത്യക്ക് തലേദിവസത്തെ സ്കോറിനോട് ചേര്‍ക്കാന്‍ സാധിച്ചത്. ആകാശ് ദീപിന്റെ (31) വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. ജസ്പ്രിത് ബുമ്ര (10) പുറത്താവാതെ നിന്നു. 185 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്.
ഉസ്മാന് ഖവാജയുടെ (8) വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ജസ്പ്രിത് ബുമ്രയ്ക്കാണ് വിക്കറ്റ്. പിന്നാലെ മര്‍നസ് ലബുഷെയ്നും (1) പവലിയനില്‍ തിരിച്ചെത്തി. നതാന്‍ മക്സ്വീനിയെ (4) ആകാശ് ദീപ് പുറത്താക്കി. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. മിച്ചല്‍ മാര്‍ഷിനും തിളങ്ങാന്‍ സാധിച്ചില്ല. രണ്ട് റണ്‍സ് മാത്രമെടുത്ത മാര്‍ഷിനെ ആകാശ് ദീപ് പുറത്താക്കി. നാല് റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിനെ മുഹമ്മദ് സിറാജും മടങ്ങിയതോടെ ഓസീസ് കനത്ത പ്രതിരോധത്തിലായി. കൂറ്റനടിക്ക് ശ്രമിച്ച് ട്രാവിസ് ഹെഡും (17) പവലിയനില്‍ തിരിച്ചെത്തി. പാറ്റ് കമ്മിന്‍സ് രണ്ട് വീതം സിക്സും ഫോറും നേടി ഓസീസിന് മാന്യമായ ലീഡ് സമ്മാനിച്ചു. ക്യാരിക്കൊപ്പം മിച്ചല്‍ സ്റ്റാര്‍ക്ക് (2) പുറത്താവാതെ നിന്നു.