3 മാസത്തില്‍ പൊക്കിയത് 30 കോടിയുടെ തായ് ഗോള്‍ഡ്, ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കുന്ന വിലകൂടിയ കഞ്ചാവ്
മലേഷ്യ, തായ്‌ലന്‍ഡ്, ബാങ്കോക്ക് തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവിന്റെ ഒഴുക്ക്. മൂന്ന് മാസത്തില്‍ നെടുമ്പോശേരി വിമാനത്താവളത്തില്‍ നിന്ന് പൊക്കിയത് 30 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ്. ഇന്നലെ മാത്രം നാലേകാല്‍ കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് നെടുമ്പാശേരിയില്‍ പിടി കൂടിയത്. മാരക രാസവസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കിയെടുക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ഭൂരിഭാഗവും എത്തുന്നത് അന്താരാഷ്ട്ര പോസ്റ്റ് ഓഫീസ് വഴിയും വിമാനമാര്‍ഗവമാണെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ നിരവധി കേസുകളാണ് സമീപ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.സാധാരണ കഞ്ചാവിനേക്കാള്‍ ശക്തിയേറിയതും അപകടകരവുമായ ഒരു തരം കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. ‘തായ് ഗോള്‍ഡ്’ എന്നാണ് ഇത് യുവാക്കള്‍ക്കും കച്ചവടക്കാര്‍ക്കുമിടയില്‍ അറിയപ്പെടുന്നത്. മാരക രാസവസ്തുക്കളില്‍ ആറ് മാസത്തോളം കഞ്ചാവ് ഇട്ടു വെക്കുന്നു. തുടര്‍ന്ന് ഇത് ഉണക്കിയെടുത്തതിന് ശേഷം ഒരു ഗ്രാം വീതമുള്ള ഉരുളകളാക്കി വില്‍ക്കുന്നു. വിദേശത്ത് നിന്ന് കൊണ്ടു വരുന്ന കഞ്ചാവ് ഇവിടുത്തെ കഞ്ചാവുമായി കൂട്ടിക്കലര്‍ത്തിയാണ് വില്‍പ്പന നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് മാര്‍ക്കറ്റില്‍ ഒരു കോടിയോളം വില വരും. രാജ്യാന്തര വിപണിയില്‍ വന്‍ ഡിമാന്‍ഡാണ് ഈ ലഹരിക്ക്.