ആശങ്കയുടെ നിമിഷങ്ങൾ, ഒടുവിൽ ആശ്വാസം; ബഹ്റൈനിലേക്ക് പോയ എയർ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിൽ തിരിച്ചിറക്കി
കൊച്ചി:കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ബഹ്റൈനിലേക്ക് പറന്നുയർന്ന വിമാനം അടിയന്തര സാഹചര്യത്തിൽ തിരിച്ചിറക്കി. രാവിലെ 10.45 ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ടയറിന് തകരാർ കണ്ടത്തിയതിനെ തുടർന്ന് ഉച്ചക്ക് 12.32 മണിയോടെ തിരിച്ചിറക്കിയത്. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവിൽ 12.30ഓടെയാണ് വിമാനം സുരക്ഷിതമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേയിൽ ലാന്‍ഡ് ചെയ്തത്.
104 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടയറിന്‍റെ ഒരു ഭാഗം റൺവേയിൽ കണ്ടതിനെ തുടർന്ന് വിമാനത്താവള അധികൃതർ പൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് സുരക്ഷിത ലാൻഡിംഗിന് കൊച്ചിയിലേക്ക് തിരിക്കാൻ ക്യാപ്റ്റൻ തീരുമാനമെടുത്തത്. അരമണിക്കൂർ സമയം വിമാനത്താവള പരിസരത്ത് വട്ടമിട്ട് കറങ്ങിയ വിമാനം ഇന്ധനം പരമാവധി കുറച്ച് ജ്വലനസാധ്യത ഇല്ലാതാക്കിയാണ് സുരക്ഷിതമായി റൺവേ തൊട്ടത്. വിമാനത്തിൽ എഞ്ചിനീയർമാരുടെ സംഘം പരിശോധന തുടങ്ങി. യാത്രക്കാരെ ബഹ്റൈനിലേക്കെത്തിക്കാനുള്ള നടപടികൾ തുടരുന്നതായി സിയാൽ അറിയിച്ചു.