അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യ തന്നെയെന്ന് പൊലീസ്
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മരിച്ചത് ആത്മഹത്യ തന്നെയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മകന്റെ ബിസിനസ് നിരന്തരം പരാജയപ്പെടുന്നതിൽ ഇരുവരും മനോവിഷമത്തിലായിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ഒരു കുടുംബമായിരുന്നില്ലെന്നും പൊലീസ് പറയുന്നു. ആത്മഹത്യക്കുറിപ്പ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണ്. അതിന് ശേഷമേ കൂടുതൽ വ്യക്തത വരുവെന്നും പൊലീസ് പറഞ്ഞു.
ഇന്നലെയാണ് പട്ടാമ്പി സ്വദേശി മുഖിലയെയും മകൻ നിഷാന്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് വല്ലപ്പുഴയിലായിരുന്നു സംഭവം. ചെറുകോട് ഇലപ്പുള്ളി സ്വദേശിനി മുഖില (62), മകൻ നിഷാന്ത് (39) എന്നിവരെയാണ് ഇന്നലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം സ്വീകരണ മുറിയിലും മകൻ്റെ മൃതദേഹം കിടപ്പുമുറിയിലുമായിരുന്നു കണ്ടെത്തിയത്. രാത്രി ഏറെ വൈകിയിട്ടും വീടിനുള്ളിൽ വെളിച്ചം കാണാതിരുന്നതിനെ തുടർന്ന് പ്രദേശവാസികൾ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.