Uncategorized

58 പേര്‍ കൊല്ലപ്പെട്ട കോയമ്പത്തൂർ സ്ഫോടനക്കേസ് മുഖ്യപ്രതി നിര്യാതനായി

ചെന്നൈ: രാജ്യത്തെ നടുക്കിയ കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പരയുടെ മുഖ്യ പ്രതി എസ് എ ബാഷ (84) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോയമ്പത്തൂരിലെ പിഎസ്ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 1998 ലെ കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പരക്കേസില്‍ ബാഷയെ കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5.20ഓടെയായിരുന്നു അന്ത്യം. പരോളിൽ ഇറങ്ങിയ ബാഷ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മൃതദേഹം ഉക്കടം റോസ് ഗാർഡനിലെ മകന്റെ വസതിയിലെത്തിച്ചു. 1998 ഫെബ്രുവരി 14 ന് വൈകിട്ട് നടന്ന സ്ഫോടന പരമ്പരയിൽ ബാഷ സ്ഥാപിച്ച അൽ-ഉമ്മ എന്ന സംഘടനക്ക് പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ വർഷം ഏപ്രിൽ 18നാണ് താൽക്കാലികമായി പരോൾ നൽകിയത്. തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ തന്നെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയതോടെ പരോൾ നീട്ടി.

1998 ഫെബ്രുവരി 14 നാണ് കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര ഉണ്ടാകുന്നത്. സ്‌ഫോടനങ്ങളില്‍ 58 പേര്‍ കൊല്ലപ്പെടുകയും 231 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോയമ്പത്തൂരിലെ ആര്‍എസ് പുരത്ത് ബിജെപി നേതാവ് എല്‍ കെ അദ്വാനി പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് പരിപാടിയുടെ വേദിക്ക് സമീപത്തും സ്ഫോടനമുണ്ടായി. സംഭവത്തിൽ ബാഷ ഉള്‍പ്പെടെ 166 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 158 പേരെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. ബാഷ ഉൾപ്പെടെ 43 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button