യാചകർക്ക് പണം കൊടുത്താൽ ക്രിമിനൽ കുറ്റം; ജനുവരി ഒന്ന് മുതൽ കേസെടുക്കുമെന്ന് ഇൻഡോർ ഭരണകൂടം
മധ്യപ്രദേശിലെ ഇൻഡോറിനെ യാചക വിമുക്ത നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം മുന്നോട്ട്. ജനുവരി ഒന്ന് മുതൽ യാചകർക്ക് പണം കൊടുക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇൻഡോറിൽ ഭിക്ഷാടനം നിരോധിച്ച് ജില്ലാ കളക്ടർ ആശിഷ് സിങ് ഉത്തരവിട്ടു. ഭിക്ഷാടനത്തിനെതിരെ ബോധവത്കരണം ഡിസംബർ അവസാനം വരെ തുടരും. ആരെങ്കിലും ജനുവരി ഒന്നിന് ശേഷം ഭിക്ഷ നൽകുന്നത് ശ്രദ്ധയിൽപെട്ടാൽ അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. ഭിക്ഷ യാചിക്കുന്നത് തെറ്റാണെന്നും ഈ കുറ്റത്തിൽ ഭിക്ഷ നൽകി ഇൻഡോറിലെ ജനം പങ്കാളികളാകരുതെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
ഇൻഡോറിൽ ഭിക്ഷാടന മാഫിയ അതിശക്തമായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം കർശന നടപടിയുമായി രംഗത്ത് വന്നത്. ആളുകളെ ഭിക്ഷ യാചിക്കാൻ ഇരുത്തുന്ന മാഫിയകളെ കഴിഞ്ഞ മാസങ്ങളിൽ പിടികൂടിയിരുന്നു. യാചകരെ പുനരധിവസിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ഭിക്ഷാടനം അവസാനിപ്പിക്കാൻ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പരിഷ്കാരം. ഇത് നടപ്പാക്കുന്ന രാജ്യത്തെ പത്ത് നഗരങ്ങളിൽ ഒന്നാണ് ഇൻഡോർ.